വീണ്ടും അബദ്ധം; പോൺതാരം ജോണി സിൻസിനെ കാശ്മീരി യുവാവാക്കി ചിത്രീകരിച്ച് മുൻ പാകിസ്താൻ ഹൈക്കമ്മീഷണർ; സൈബർ ലോകത്ത് പൊങ്കാല

ട്വീറ്റ് പിൻവലിച്ചെങ്കിലും സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

ഇസ്ലാമാബാദ്: വീണ്ടും സോഷ്യൽലോകത്ത് ചർച്ചയായി പാകിസ്താന്റെ ഭാഗത്തുനിന്നുള്ള വൻമണ്ടത്തരം. കാശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തുന്ന ആക്രമണത്തിന്റെ ചിത്രങ്ങളെന്ന പേരിൽ പോൺതാരത്തിന്റെ ചിത്രം പങ്കുവെച്ചാണ് ഇത്തവണ പാക് ഉദ്യോഗസ്ഥന്റെ മണ്ടത്തരം. അമേരിക്കൻ പോൺതാരം ജോണി സിൻസിനെ കാശ്മീരി യുവാവാക്കി ചിത്രീകരിച്ച് ഇന്ത്യയിലെ മുൻ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതാണ് ട്വീറ്റ് ചെയ്ത് പരിഹാസം ഏറ്റുവാങ്ങുന്നത്.

സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിൽ കാശ്മീരി യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നും. ഇതിനെതിരെ പ്രതികരിക്കണമെന്നുമാണ് അബ്ദുൾ ബാസിത് റീട്വീറ്റ് ചെയ്തത്. എന്നാൽ യഥാർത്ഥത്തിൽ ജോണി സിൻസ് അഭിനയിച്ച പോൺ ചിത്രത്തിലെ ഒരു രംഗമായിരുന്നു അത്. അബദ്ധം പറ്റിയതാണെന്ന് മനസിലാക്കിയ അബ്ദുൾ ബാസിത് ട്വീറ്റ് പിൻവലിച്ചെങ്കിലും സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

കാശ്മീരിലെ അനന്ത്‌നാഗിലെ യൂസഫ് എന്ന യുവാവാണിതെന്നും അദ്ദേഹത്തിന്റെ കാഴ്ച സൈന്യത്തിന്റെ പെല്ലാറ്റാക്രമണത്തിൽ നഷ്ടപ്പെട്ടെന്നുമുള്ള ആരോ പടച്ചുവിട്ട വ്യാജ ട്വീറ്റ് വിശ്വസിച്ചതാണ് ബാസിതിന് വിനയായത്. ഇത് യഥാർത്ഥത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അബ്ദുൾ ബാസിതിന്റെ ട്വീറ്റ്.

പാകിസ്താൻ മാധ്യമപ്രവർത്തക നൈല ഇനായത്താണ് പാക് ഹൈക്കമ്മീഷണർക്ക് പിണഞ്ഞ അബദ്ധം ചൂണ്ടിക്കാട്ടിയത്. അബ്ദുൾ ബാസിത് പങ്കുവച്ച ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ടും നൈല പങ്കുവച്ചിട്ടുണ്ട്.

Exit mobile version