ലണ്ടന്‍: ജങ്ക് ഫുഡ് മാത്രം കഴിച്ചുവന്ന പതിനേഴുകാരന് കാഴ്ച ശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. യുകെയിലാണ് വിചിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി പതിനേഴുകാരന്‍ ദിവസവും ചിപ്സും ക്രിസ്പും വൈറ്റ് ബ്രെഡും സംസ്‌കരിച്ച ഇറച്ചിയുമാണ് കഴിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഇതേ തുടര്‍ന്ന് ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകള്‍ ലഭിക്കാതെ ന്യൂട്രീഷണല്‍ ഒപ്റ്റിക് ന്യൂറോപ്പതി (എന്‍ഒഎന്‍) എന്ന അവസ്ഥയിലെത്തുകയായിരുന്നു. പതിയെ പതിയെ കേള്‍വി ശക്തി കുറഞ്ഞു. പതിനാലാം വയസിലാണ് കേള്‍വിശക്തി കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് കേള്‍വിയും കാഴ്ചശക്തിയും പൂര്‍ണ്ണമായി നഷ്ടപ്പെടുകയായിരുന്നു. ഇതുകൂടാതെ എല്ലുകള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്.
ഇപ്പോള്‍ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പതിനേഴുകാരന്റെ അമ്മ പറയുന്നു. പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ കുട്ടി ചിപ്സ്, പ്രിങ്കിള്‍സ്, സോസേജ്, സംസ്‌കരിച്ച ഹാം, വൈറ്റ് ബ്രെഡ് എന്നിവ മാത്രമാണ് കഴിച്ചിരുന്നതെന്നും അമ്മ പറയുന്നു. വീട്ടില്‍ നിന്നു കൊടുത്തുവിടുന്ന ഉച്ചഭക്ഷണം അതേപടി മടക്കിക്കൊണ്ടുവരുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post