തുഷാറിനെ കെണിയിലാക്കാന്‍ ശ്രമം നടന്നതായി സൂചന; പരാതിക്കാരന്റെ ശബ്ദ സന്ദേശം പുറത്ത്‌

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള ചെക്ക് കേസിന്റെ നിര്‍ണായക തെളിവ് പുറത്ത്.
കേസ്‌കൊടുക്കാന്‍ കാശ് നല്‍കി ചെക്ക് സംഘടിപ്പിച്ചതായുള്ള പരാതിക്കാരന്റെ ശബ്ദ സന്ദേശം പുറത്തുവന്നു. അഞ്ച് ലക്ഷം രൂപ നല്‍കിയാണ് ഈ ചെക്ക് നാസില്‍ അബ്ദുള്ള സംഘടിപ്പിച്ചതെന്ന് ശബ്ദ സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാണ്.

തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് കരസ്ഥമാക്കാന്‍ അഞ്ച് ലക്ഷം രൂപ തന്ന് സഹായിക്കണമെന്ന് ശബ്ദ സന്ദേശത്തില്‍ നാസില്‍ സുഹൃത്തിനോട് പറയുന്നുണ്ട്. ചെക്ക് കൈവശമുള്ളയാള്‍ക്ക് കേസ് നല്‍കാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ കാശ് കൊടുത്താല്‍ ചെക്ക് സ്വന്തമാക്കാം. തുഷാര്‍ ജയിലിലായാല്‍ വെള്ളാപള്ളി ഇടപെടുമെന്നും ചെക്കില്‍ ആറുമില്യണ്‍വരെ കിട്ടുന്ന പണം വാങ്ങി ഒത്തു തീര്‍പ്പാക്കാനാണു തന്റെ ഉദ്ദേശമെന്നും ശബ്ദ സന്ദേശത്തില്‍ നാസില്‍ പറയുന്നു.

10 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ തുഷാര്‍ ഇത് തന്നെ
ചതിയില്‍പ്പെടുത്തിയതാണെന്നും ഇത്തരത്തില്‍ ഒരു ചെക്ക് നല്‍കുകയോ നാസില്‍ അബ്ദുള്ളയുമായി ഇത്രയും വലിയ ഇടപാട് നടത്തിയിട്ടില്ലെന്നും അന്ന് പറഞ്ഞിരുന്നു. തുഷാറിന്റെ നിലപാടുകള്‍ ഏതാണ്ട് ശരിവെക്കുന്ന രീതിയിലാണ് ശബ്ദസന്ദേശത്തിലെ ഉള്ളടക്കം.

Exit mobile version