തിരക്കേറിയതും സമ്മർദ്ദം നിറഞ്ഞതുമായ ജീവിതത്തിൽ നിന്നും ശാന്തി തേടി പോയതാണ് ടെക് ഭീമൻ ആപ്പിളിന്റെ സ്ഥാപകനെന്നും അദ്ദേഹം കാൻസർ വന്ന് മരിച്ചിട്ടില്ലെന്നുമുള്ള പ്രചാരണങ്ങൾ കുറേ മുമ്പ് മുതൽ കേൾക്കുന്നതാണ്. ഇതിനിടെ ഇത്തരം വാദങ്ങൾ നിരത്തുന്നവരുടെ വാക്കുകൾക്ക് ശക്തി പകർന്നു കൊണ്ട് പുറത്തുവന്നിരിക്കുകയാണ് ഒരു അമ്പരപ്പിക്കുന്ന ചിത്രം. പ്ലാസ്റ്റിക് കസേരയിൽ ലളിതമായ വസ്ത്രധാരണത്തോടെ ചിന്തിച്ച് ഇരിക്കുന്ന ഒരു പുരുഷന്റെ ചിത്രം. ഈ ചിത്രത്തിന് സ്റ്റീവ് ജോബ്സുമായി വളരെയേറെ സാമ്യതയുണ്ടുതാനും.
ഇതോടെ, 2011ൽ കാൻസർബാധയെ തുടർന്ന് സ്റ്റീവ് ജോബ്സ് മരണത്തിന് കീഴടങ്ങിയിട്ടില്ലെന്നും ആപ്പിൾ സ്ഥാപകൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും വാദിച്ച് ഒരു കൂട്ടർ ശക്തമായി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആധുനിക ജീവിതത്തിൽ നിന്നും പിൻവാങ്ങി ഈജിപ്തിൽ ശാന്തജീവിതം നയിക്കുകയാണെന്നാണ് ഇവരുടെ വാദം.
ഈജിപ്തിൽ നിന്നുമാണ് ഈ സ്റ്റീവ് ജോബ്സിന്റെ അപരന്റെ ചിത്രം എടുത്തിരിക്കുന്നതെന്നാണ് വിവരം. എന്നാൽ ഇതിന് സ്ഥിരീകരണമില്ല. ഞായറാഴ്ച റെഡിറ്റിൽ ഷെയർ ചെയ്ത ചിത്രം ഇതിനകം ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുകയാണ്. അത് സ്റ്റീവ് ജോബ്സിനെ പോലെ ഇരിക്കുന്നയാളല്ല, സ്റ്റീവ് ജോബ്സ് തന്നെയാണെന്ന വാദവുമായി നൂറുകണക്കിന് പേരാണ് സോഷ്യൽമീഡിയയിൽ എത്തിയത്. ഈജിപ്തിനോടുള്ള പ്രണയവും ലളിത ജീവിതം നയിക്കാനുള്ള ഇഷ്ടവും മുമ്പ് തന്നെ സ്റ്റീവ് ജോബ്സ് വെളിപ്പെടുത്തിയിരുന്നുവെന്നും ഇവർ വാദിക്കുന്നു.
സ്റ്റീവ് ജോബ്സ് ജീവിച്ചിരിക്കുന്നു എന്ന വാദം ഒരു തമാശയായി പലരും തള്ളിയിട്ടുണ്ടെങ്കിലും ചിത്രത്തിലെ ആളിന് സ്റ്റീവ് ജോബ്സിനോടുള്ള സാമ്യത പലരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. സ്റ്റീവ് ജോബ്സ് വെയ്ക്കാറുള്ള തരം കണ്ണടവെച്ച് കാലിന്മേൽ കാൽ കയറ്റി എന്തോ ആഴത്തിൽ ചിന്തിക്കുന്നതു പോലെ താടിയിൽ പിടിച്ച് ചിന്തിച്ചിരിക്കുന്ന രീതിയിലാണ് ഈ ചിത്രം.അതേസമയം, ചർച്ചകൾ തുടന്നുണ്ടെങ്കിലും വിഷയത്തിൽ ആപ്പിൾ കമ്പനിയോ സ്റ്റീവ് ജോബ്സിന്റെ കുടുംബമോ വിഷയത്തിൽ പതികരിച്ചിട്ടില്ല. 2011 ഒക്ടോബറിലാണ് പാൻക്രിയാസ് കാൻസർ ബാധയെ തുടർന്ന് 56 ാം വയസ്സിൽ സ്റ്റീവ് ജോബ്സ് മരണമടഞ്ഞത്.