പ്രിട്ടോറിയ: സൗത്ത് ആഫ്രിക്കയിലെ അമാഖാല ഗെയിം റിസര്‍വില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇവിടെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ലൂയി ടെയ്‌ലറും സംഘവും. ഇവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഒരു കൂട്ടം ആനകള്‍ എത്തുകയായിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഗൈഡിന്റെ സമയോചിത ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.
കാട്ടാനകളുടെ സംഘത്തെ കണ്ടപ്പോള്‍ തന്നെ ഗൈഡ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിര്‍ത്തിയിട്ടു. കാട്ടാനകള്‍ കടന്നു പോകാനായി അല്‍പസമയം കാത്തുനിന്നു. മറ്റാനകളെയൊക്കെ നിരത്തിലൂടെ കടന്നു പോയപ്പോള്‍ കുട്ടത്തിലെ ആന നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിനു നേരേ ആകാംക്ഷയോടെ തിരിയുകയായിരുന്നു. ആന വാഹനത്തിനു നേരെ തിരിയുന്നത് കണ്ട ഗൈഡ് മുന്നോട്ട് നടന്ന ആനയുടെ നേരെ നോക്കി രണ്ട് മൂന്ന് തവണ വിരല്‍ ഞൊടിച്ചു.
ഒരു നിമിഷം ഇത് ശ്രദ്ധിച്ചു നിന്ന ആനയോട് ഗൈഡ് തിരിഞ്ഞു പോകാന്‍ വിരല്‍ കൊണ്ട് ആഗ്യം കാണിച്ചു. ഈ നിര്‍ദേശം വന്നതിനു പിന്നാലെ ആന ഉടനെ തിരിഞ്ഞു നടക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന വിനോദ സഞ്ചാരികളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. സംഭവം ഇപ്പോള്‍ വൈറലാവുകയാണ്. കാട്ടാന ഗൈഡിന്റെ നിര്‍ദേശം അനുസരിച്ചതാണ് വിനോദസഞ്ചാരികളുടെ സംഘത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.