ഹൂബൈ: സ്നേഹത്തോടെയുള്ള പരിചരണത്തിനും കാത്തിരിപ്പിനും കഠിനമായ തപസ്യയ്ക്കും വൈകിയാണെങ്കിലും കൃത്യമായ ഫലം ലഭിക്കുമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ചിരിക്കുകയാണ് ചൈനയിലെ സാങ് എന്ന യുവതി. പെട്ടെന്ന് ഒരുദിവസം തളർന്ന് കോമയിൽ വീണുപോയ ഭർത്താവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സാങ് കാത്തിരുന്നത് അഞ്ചുവർഷമാണ് അഥവാ നീണ്ട രണ്ടായിരം ദിനങ്ങൾ.
ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നശിപ്പിച്ച് ആ ദുരന്തം ബൈക്ക് ആക്സിഡന്റിന്റെ രൂപത്തിലെത്തിയപ്പോൾ ലിഷുവായുടെയും ഭാര്യ സാങ് ഗിഹുവാന്റേയും അഞ്ച് വർഷങ്ങളാണ് നരകതുല്യമാക്കിയത്. അപകടത്തിൽ പരിക്കേറ്റ് കോമാവസ്ഥയിലായ ലി ഷിവുവായെ ഒടുവിൽ അഞ്ച് വർഷത്തെ കഠിനപരിശ്രമം കൊണ്ട് അക്ഷരാർത്ഥത്തിൽ ജീവിതത്തിലേക്ക് പിച്ചവെപ്പിച്ചിരിക്കുകയാണ് ഭാര്യ സാങ്.
ഒരു നോട്ടംകൊണ്ടുപോലും പ്രതികരിക്കാനാകാതെ ചുറ്റും നടക്കുന്നതൊന്നും അറിയാതെ കണ്ണുതുറന്ന് മുകളിലേക്ക് നോക്കി കിടക്കുന്ന നിശ്ചലാവസ്ഥയിലേക്കാണ് ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഹുബൈയിൽ നിന്നുള്ള ലി ഷുവാ എന്ന യുവാവ് അപകടത്തെ തുടർന്ന് വീണുപോയത്. എന്നാൽ തളരാതെ പരിചരിച്ചും ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത് കാത്തിരുന്നും ഭാര്യ സാങ് കൂടെനിന്നതോടെ ഇനി ഒരിക്കലും ഉണരില്ലെന്ന് കരുതിയ ജീവിതത്തിലേക്ക് ലി ഷുവാ തിരിച്ചെത്തുകയായിരുന്നു. ഇഷ്ടമുള്ള പാട്ടുകൾ കേൾപ്പിച്ചതും നിരന്തരം സംഭാഷണങ്ങൾ നടത്തിയതും ഒക്കെയാണ് ലി യെ ജീവിതത്തിലേക്ക് അതിവേഗത്തിൽ മടക്കിയെത്തിച്ചതെന്ന് ഡോക്ടർമാർ പറയുന്നു.
ദിവസം 20 മണിക്കൂറോളം നേരമാണ് സാങ് തന്റെ ഭർത്താവിനെ പരിചരിച്ചത്. ഒടുവിൽ അഞ്ചുവർഷങ്ങൾക്കൊടുവിൽ, ലി കണ്ണുതുറന്നു. ഡോ. ഹാനാണ് ഈ അഞ്ചുവർഷവും ലിയെ ചികിത്സിച്ചത്. പരിക്കേറ്റ് ജീവച്ഛവമായ അവസ്ഥയിലായ ലി യോടൊപ്പം ഇത്രയേറെ സ്നേഹിച്ചുകൊണ്ട് കൂടെ ഭാര്യ സാങ് ഇല്ലായിരുന്നു എങ്കിൽ അയാൾ ഒരു പക്ഷേ, ആജീവനാന്തം ആ കിടപ്പു കിടന്നുപോയേനെ. അയാളെ തിരിച്ച് ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തിയതിന്റെ മുഴുവന് ക്രെഡിറ്റും അവർ ഒരാൾക്ക് മാത്രമാണ്.’ ഡോ. ഹാൻ പറയുന്നു.
ദിവസത്തിൽ ആകെ മൂന്നോ നാലോ മണിക്കൂർ നേരം മാത്രമാണ് സാങ് ഉറങ്ങാനായി മാറ്റിവെച്ചിരുന്നത്. അതും ഗാഢനിദ്രയൊന്നുമല്ല, ഉണർന്നുകൊണ്ടുള്ള ഒരു മയക്കം മാത്രം. രാപ്പകലില്ലാതെ സാങ് അയാളെ പരിചരിച്ചു. ഭർത്താവിന്റെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കാൻ അവർ വേറെ ആരെയും അനുവദിച്ചില്ല. ദേഹം വൃത്തിയായി സൂക്ഷിച്ചും, മുടി ചീകിക്കൊടുത്തും, ഇഷ്ടമുള്ള പാട്ടുകൾ വെച്ചുകൊടുത്തും, പുറം മസാജ് ചെയ്തുകൊടുത്തും അവർ അദേഹത്തെ പരിചരിച്ചു. തിരിച്ചൊന്നും പ്രതികരിക്കാതിരുന്നിട്ടും എന്നെങ്കിലും തിരിച്ച് മറുപടി പറയുമെന്ന പ്രതീക്ഷയിൽ അവർ ദിവസേന അദ്ദേഹത്തോട് സംസാരിച്ചുകൊണ്ടിരുന്നു. എന്നെങ്കിലും ഒരു ദിവസം തന്റെ ഭർത്താവിനെ തനിക്കു തിരിച്ചുകിട്ടും എന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.
‘ചിലപ്പോൾ അദ്ദേഹം ഒരിക്കലും ഈ കിടപ്പിൽ നിന്ന് എഴുന്നേന്നു വരില്ല എന്നുവരെ ഡോക്ടർമാർ എന്നോട് തുടക്കത്തിൽ പറഞ്ഞിരുന്നു. അത് വിശ്വസിക്കാൻ എനിക്കായില്ല. അദ്ദേഹം എന്നെങ്കിലും ഒരു ദിവസം എന്റെ ജീവിതത്തിലേക്ക് തിരികെ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.’ സാങ്, മെയിൽ ഓൺലൈനിനോട് പറഞ്ഞതിങ്ങനെ.
ഡോക്ടർമാരുടെ പ്രവചനങ്ങൾ തെറ്റാണെന്ന് ജീവിതം കൊണ്ടുതന്നെ ഒടുവിൽ സാങ് തെളിയിച്ചിരിക്കുകയാണ്. ഈ കാലയളവിൽ പത്ത് കിലോയോളം കുറഞ്ഞ് ആരോഗ്യം ക്ഷയിച്ചതൊന്നും സാങിനെ തളർത്തിയിരുന്നില്ല.
പൂർണ്ണമായും കോമയിൽ കിടന്നിരുന്ന അവസ്ഥയിൽ നിന്നും ലി ഉണർന്നത് കഴിഞ്ഞ വർഷമായിരുന്നു. എന്നാൽ പ്രതികരിക്കാനൊന്നും സാധിക്കാതിരുന്നതിനാൽ അവർ ആശുപത്രിയിൽ തുടർന്നു. സാങിന്റെ പരിചരണത്തിന് ഒടുവിൽ താമസിയാതെ ലി എഴുന്നേറ്റിരുന്നു. ഇപ്പോൾ സംസാരിക്കാനും തുടങ്ങിയിരിക്കുന്നു.
Discussion about this post