കൊളംബോ: പട്ടിണിക്കിട്ട് എല്ലുംതോലുമായ മൃതപ്രായമായ ആനയെ അലങ്കരിച്ച് പ്രദിക്ഷണത്തിനെത്തിച്ചതിന്റെ വാര്‍ത്തയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ ഉള്ളുലയ്ച്ചിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാതെ അവശയായിട്ടും മണിക്കൂറുകളോളം നീണ്ടുനിന്ന എഴുന്നള്ളിപ്പില്‍ എല്ലാം സഹിച്ച് നിന്ന തിക്കിരി എന്ന പിടിയാന ഒടുവില്‍ വേദനയുടെ ലോകത്തു നിന്നും യാത്രയായി.
ശ്രീലങ്കയിലെ കാന്‍ഡിയിലെ ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തില്‍ നടന്ന എസല പെരഹേര ആഘോഷത്തില്‍ പ്രത്യേക വേഷം ധരിച്ചിപ്പിച്ചാണ് തിക്കിരി എന്ന എഴുപത് വയസ് പ്രായമായ ആനയെ പ്രദിക്ഷണത്തിന് എത്തിച്ചത്. പട്ടിണിക്കിട്ട് എല്ലും തോലുമായ ആനയെ കിലോമീറ്ററോളം നടത്തി.ബുദ്ധകേന്ദ്രത്തില്‍ നടന്ന ചടങ്ങിന് 60ഓളം ആനകളെയാണ് എത്തിച്ചത്.
70 വയസ്സായ തിക്കിരി ആനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി സേവ് എലിഫന്റ് ഫൗണ്ടേഷന്‍ രംഗത്തെത്തിയിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന എഴുന്നള്ളിപ്പില്‍ അതിശക്തമായ ലൈറ്റുകളുടെയും കരിമരുന്നിന്റെയും ബഹളങ്ങളുടെയും നടുവിലൂടെ നടക്കേണ്ടി വരുന്ന ഇത്തരം ആനകളുടെ കണ്ണീര്‍ ആരും കാണുന്നില്ലെന്ന് സേവ് എലിഫന്റ് ഫൗണ്ടേഷന്‍ സ്ഥാപക ലേക് ചായ്ലേര്‍ട്ട് പറഞ്ഞിരുന്നു.
തിക്കിരിയെ അണിയിക്കുന്ന വേഷങ്ങള്‍ ആനയുടെ ദയനീയ അവസ്ഥ വെളിയില്‍ കാണിക്കില്ലെന്നും ചായ്ലേര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. വിറയ്ക്കുന്ന കാലുകാളുമായാണ് 70 വയസുള്ള ആന ഓരോ ചുവടും വെച്ചത്. അതേസമയം തായ്ലേര്‍ട്ടിന്റെ ആരോപണങ്ങള്‍ ബുദ്ധക്ഷേത്രം തള്ളി. തിക്കിരിയ്ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നായിരുന്നു ബുദ്ധകേന്ദ്ര ഭാരവാഹികള്‍ അവകാശപ്പെട്ടത്.
എന്നാല്‍ എതിര്‍പ്പുകള്‍ ശക്തമായതോടെ ബുധനാഴ്ച നടന്ന അവസാനഘോഷയാത്രയില്‍ നിന്ന് തിക്കിരിയെ ഒഴിവാക്കിയിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാതെ അവശയായി മാറിയ തിക്കിരിയുടെ വാര്‍ത്തയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളെ ഒന്നടങ്കം സങ്കടപ്പെടുത്തി. ആനയോട് ചെയ്ത ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മൃഗസ്‌നേഹികളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് തിക്കിരി ചെരിഞ്ഞത്.