ഉപയോഗ ശൂന്യമായ ഫ്രിഡ്ജ് കൊക്കയിലുപേക്ഷിച്ചു; യന്ത്രസഹായമില്ലാതെ യുവാവിനെ കൊണ്ട് തന്നെ ഉന്തിതള്ളി തിരികെ എടുപ്പിച്ച് പോലീസ്, കൈയ്യടിച്ച് സൈബര്‍ ലോകം

താഴേയ്ക്ക് ഇട്ട ഫ്രിഡ്ജ് യാതൊരു യന്ത്രസഹായവും ഇല്ലാതെ തിരിച്ചെടുപ്പിക്കുകയാണ് പോലീസ് ചെയ്ത്.

അല്‍മേരിയ: ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന ബോര്‍ഡ് എഴുതിയിരിക്കുന്നത് കണ്ടാല്‍ അവിടെ മാലിന്യം നിക്ഷേപിക്കുക എന്നതാണ് സമൂഹത്തിന്റെ പൊതുസ്വഭാവം. ഇപ്പോള്‍ അത്തരത്തിലൊരു മാലിന്യം തള്ളല്‍ തന്നെയാണ് ഇവിടെയും വാര്‍ത്തയാകുന്നത്. ഉപയോഗ ശൂന്യമായ ഫ്രിഡ്ജ് കൊക്കയില്‍ ഉപേക്ഷിച്ച യുവാവിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

താഴേയ്ക്ക് ഇട്ട ഫ്രിഡ്ജ് യാതൊരു യന്ത്രസഹായവും ഇല്ലാതെ തിരിച്ചെടുപ്പിക്കുകയാണ് പോലീസ് ചെയ്ത്. ഫ്രിഡ്ജ് ഉന്തിയും തള്ളിയും യുവാവ് പെടാപാടുപ്പെട്ട് മുകളില്‍ എത്തിച്ചു. എന്നാല്‍ പണി അവിടം കൊണ്ടും തീര്‍ന്നില്ല. 35.62ലക്ഷം രൂപ പിഴയും അടപ്പിച്ചു. സ്‌പെയിനിലാണ് സംഭവം.

ഇതോടൊപ്പം കൃത്യമായ രീതിയില്‍ ഫ്രിഡ്ജ് റീ സൈക്കിള്‍ ചെയ്യാന്‍ യുവാവിന് നിര്‍ദ്ദേശം സ്‌പെയിന്‍ പോലീസ് നല്‍കുകയും ചെയ്തു. മലഞ്ചെരുവില്‍ ഫ്രിഡ്ജ് കൊണ്ടുപോയി തള്ളുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. സംഭവം പോലീസിന്റെ കണ്ണിലും പെട്ടു. തുടര്‍ന്ന് വീഡിയോയില്‍ കണ്ട യുവാവിനെ പോലീസ് തിരഞ്ഞു പിടിച്ച് എട്ടിന്റെ പണി കൊടുക്കുകയായിരുന്നു.

വീഡിയോ വൈറലായതോടെയാണ് യുവാവിന് പണികിട്ടിയത്. റീസൈക്കിള്‍ ചെയ്യുകയാണെന്ന പ്രഖ്യാപനത്തോടെ പഴയ ഫ്രിഡ്ജ് മലഞ്ചെരുവില്‍ തള്ളുന്ന യുവാവിന്റെ വീഡിയോ സുഹൃത്താണ് ചിത്രീകരിച്ചത്. പൊതുഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്ക് സംഭവം ഒരു മാതൃകയാക്കാമെന്നും സ്‌പെയിന്‍ പോലീസ് വ്യക്തമാക്കി.

Exit mobile version