തിരുവനന്തപുരം: ദേവികുളം സബ്കളക്ടറായിരിക്കെ കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി എടുത്തും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസുകാരന്‍. ജന മനസ് കീഴടക്കാന്‍ അധിക സമയമൊന്നും അദ്ദേഹത്തിന് വേണ്ടി വന്നില്ല. ഇപ്പോള്‍ വില്ലന്‍ എന്ന പരിവേഷത്തിലെത്തി നില്‍ക്കുകയാണ് അദ്ദേഹം. ആ മാറ്റം വന്നതാകട്ടെ ഒറ്റ ദിവസം കൊണ്ടും. ഡ്രൈവിങ് ഹരമാക്കിയ അദ്ദേഹം അമിത വേഗതയില്‍ പാഞ്ഞ് എടുത്തത് ഒരു ജീവനായിരുന്നു. ഇതാണ് അദ്ദേഹത്തെ വില്ലന്‍ പരിവേഷത്തിലെത്തിച്ചത്.
മദ്യലഹരിയില്‍ അതിവേഗത്തില്‍ പാഞ്ഞ കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരണപ്പെടുകയായിരുന്നു. ഒറ്റസംഭവം കൊണ്ട് ഒരുപാട് വാഴ്ത്തിയ സമൂഹമാധ്യമങ്ങളും ജനങ്ങളും ശ്രീറാം വെങ്കിട്ടരാമനെ കൈവിട്ടു. മദ്യപാനത്തിനെതിരേയും ട്രാഫിക് ബോധവത്കരണത്തിനും ഒക്കെയായി ശ്രീറാം നടത്തിയ ബോധവത്കരണങ്ങള്‍ ഒന്നൊന്നായി സമൂഹമാധ്യമങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവന്നു. ഇപ്പോള്‍ ട്രോളുകളായും നെടുനീളന്‍ പോസ്റ്റുകളായും അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ തൊടുക്കുകയാണ്.
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 770-ാം റാങ്കോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിനെത്തിയത്. അതുകഴിഞ്ഞ് പ്രത്യേക പരിശീലനത്തിനൊന്നും പോകാതെ സിവില്‍ സര്‍വീസ് പരീക്ഷ നേരിട്ടു. 2013-ല്‍ രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസും അദ്ദേഹം സ്വന്തമാക്കി. പത്തനംതിട്ടയില്‍ അസിസ്റ്റന്റ് കളക്ടറായും തിരുവല്ല ആര്‍ഡിഒ ആയും ഡല്‍ഹിയില്‍ ഭക്ഷ്യമന്ത്രാലയത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയായും ശ്രീറാം തിളങ്ങി.
തിരിച്ചെത്തിയ യുവ ഐഎഎസുകാരനെ 2016 ജൂലായില്‍ ദേവികുളം സബ്കളക്ടറായി നിയമിച്ചു. ഒരാളെയും കൂസാതെ മൂന്നാറിലെ ഭൂമാഫിയകളെ തിരഞ്ഞുപിടിച്ച് മുട്ടുകുത്തിച്ച ശ്രീറാമിന് കേരളമെമ്പാടും ആരാധകരായി.ഇതിനിടെ ഉന്നതപഠനത്തിന് സ്‌കോളര്‍ഷിപ്പ് ലഭിച്ച് വിദേശത്തുപോയി. പഠനാവധികഴിഞ്ഞ് മടങ്ങിയെത്തിയ ശ്രീറാമിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മന്ത്രിസഭ സര്‍വേ ഡയറക്ടറായി നിയമനം നല്‍കിയത്. ഈ ആഘോഷം കഴിഞ്ഞ് മടങ്ങവെയാണ് പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് നിലംപതിക്കാന്‍ ഇടയായ അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം വെളുപ്പിന് നടന്ന അപകടത്തില്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് ബഷീര്‍ മരണപ്പെടുകയായിരുന്നു. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതോടൊപ്പം ശ്രീറാം മദ്യപിച്ചിരുന്നതായും, അദ്ദേഹം തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post