തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍, ഉത്തരവാദികളായ ആരെയും നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ഇതിന് ഉത്തരവാദികളായവര്‍ നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അക്കാര്യത്തില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ബഷീര്‍ ആരുടെയും മനസ്സില്‍ പതിയുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ബഷീറിന്റെ മുഖം അവസാനമായി കണ്ടപ്പോള്‍ ഒരു കുടുംബാംഗം വിടപറഞ്ഞ വികാരമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി കുറിച്ചു.
കൂടാതെ, മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യങ്ങളിലെ അപകട പരിരക്ഷ കുടുതല്‍ ഉറപ്പാക്കാന്‍ വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതി വിപുലപ്പെടുത്തി, ഏതു സങ്കീര്‍ണമായ അപകട ഘട്ടങ്ങളെയും തരണം ചെയ്യാന്‍ പര്യാപ്തമാകും വിധത്തിലും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലും പുനക്രമീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post