തിരുവനന്തപുരം; സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ പോലീസ് അറസ്റ്റു ചെയ്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുളളത്. ആശുപത്രിയില്‍ എത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡ് റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്നുതന്നെ ഹാജരാക്കുമെന്നാണ് സൂചന. പോലീസ് കസ്റ്റഡിയില്‍ ശ്രീറാം ആശുപത്രിയില്‍ തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ 304 എ വകുപ്പ് പ്രകാരം ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുമാറ്റി 304 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ഡിജിപി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് ജീവപര്യന്തമോ, 10 വര്‍ഷം തടവോ ലഭിക്കാവുന്ന കുറ്റമാണ്.
അതെസമയം വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. അപകട സമയത്ത് രക്തസാമ്പിളെടുക്കാതെ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപെടുത്താന്‍ മ്യൂസിയം പോലീസ് ശ്രമിച്ചെന്ന പരാതിയില്‍ സംസ്ഥാന പോലീസ് മേധാവി അടിയന്തിരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.