തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാമിനെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി എംഎം മണി. വാഹനമോടിക്കുമ്പോള്‍ ശ്രീറാം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നില്‍ കൊണ്ടുവരുക തന്നെ ചെയ്യുമെന്നും അതില്‍ ഐഎഎസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ലെന്നുമാണ് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയത്.
അമിതവേഗതയില്‍ നിയമങ്ങളെല്ലാം തെറ്റിച്ച് നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണ് മിടുക്കനും ചെറുപ്പക്കാരനുമായ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചതെന്നും അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്വം
അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരില്‍ ചാര്‍ത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാര്‍ത്തകളില്‍ കണ്ടതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
അര്‍ദ്ധരാത്രി അമിതവേഗതയില്‍ നിയമങ്ങളെല്ലാം തെറ്റിച്ച് നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണ് മിടുക്കനും ചെറുപ്പക്കാരനുമായ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരില്‍ ചാര്‍ത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാര്‍ത്തകളില്‍ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോള്‍ ലജ്ജിക്കുന്നു. വാഹനമോടിക്കുമ്പോള്‍ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നില്‍ കൊണ്ടുവരുക തന്നെ ചെയ്യും. അതില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല. അങ്ങനെ തന്നെയാണ് സര്‍ക്കാര്‍ സമീപനം.
Discussion about this post