പാലക്കാട്: ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ ബൈക്ക് യാത്രികര്‍ക്ക് ലഡു വിതരണം ചെയ്ത് പോലീസ്. ഒരു മുന്നറിയിപ്പ് നല്കി കൊണ്ടായിരുന്നു മധുരം സമ്മാനിച്ചത്. പാലക്കാട് ആണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഏഴരയ്ക്കാണ് എസ്ബിഐ ജംഗ്ഷനില്‍ പോലീസ് തമ്പടിച്ചത്. ശേഷം മധുര വിതരണവും ആരംഭിച്ചു. പോലീസിനെ കണ്ടപ്പാടെ രാവിലെ തന്നെ പണം പോയെന്നായിരുന്നു ധരിച്ചത്. എന്നാല്‍ മധുരം കിട്ടിയതോടെ ഹാപ്പി ആയി. മുന്നറിയിപ്പ് കേട്ടതോടെ കഴിച്ചതും ആവിയായി എന്ന അവസ്ഥയിലുമായി.
‘ഇന്നു ലഡു തിന്നോളു, നാളെമുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ 1000 രൂപ പിഴയീടാക്കും’ എന്നായിരുന്നു മധുരമൂറുന്ന ആ താക്കീത്. അരമണിക്കൂറിനുള്ളില്‍ ലഡുവില്പ്പൊതിഞ്ഞ മുന്നറിയിപ്പ് നല്‍കിയത് 150 പേര്‍ക്കാണ്. ഒരാഴ്ചയായി ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു.
ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനമോടിച്ചവര്‍ക്കും മീറ്ററിടാത്ത ഓട്ടോക്കാര്‍ക്കും ബോധവത്കരണം നല്‍കിയെങ്കിലും വേണ്ടത്ര ഫലമുണ്ടായില്ല. ഇതിനു പിന്നാലെയാണ് മധുരം നിറഞ്ഞ മുന്നറിയിപ്പുമായി പോലീസ് എത്തിയത്. ലഡു വിതരണസമയത്ത് ട്രാഫിക് എസ്ഐ മാത്രമാണ് യൂണിഫോമിലുണ്ടായിരുന്നത്. മറ്റ് പോലീസുകാരെല്ലാം സാധാരണ വേഷത്തിലായിരുന്നു.
Discussion about this post