തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസുകൾ നിർത്തലാക്കുന്നു. ഞായറാഴ്ച മുതൽ രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള ചെയിൻ സർവീസുകൾ മാത്രമായിരിക്കും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറുകൾ നടത്തുക. ഈ പുനക്രമീകരണത്തിലൂടെ പ്രതിമാസം അഞ്ചുകോടിയോളം രൂപ ചെലവിനത്തിൽ കുറയ്ക്കാമെന്നാണ് കെഎസ്ആർടിസി കണക്കുകൂട്ടുന്നത്. എന്നാൽ ദീർഘദൂര യാത്രക്കാർ, ഇനിമുതൽ പല ബസുകൾ മാറിക്കേറി യാത്രാ ചെലവ് വർധിക്കുമെന്ന ആശങ്കയിലുമാണ്.
തിരുവനന്തപുരത്തെ സെൻട്രൽ ഡിപ്പോയിൽ മാത്രം 20 ദീർഘദൂര ഫാസ്റ്റ് പാസഞ്ചറുകളുണ്ട്. ഇവയെല്ലാം ഞായറാഴ്ച മുതൽ ആലപ്പുഴയിലേക്കും കോട്ടയത്തേക്കുമുള്ള ചെയിൻ സർവീസുകളായി ചുരുങ്ങും. തിരുവനന്തപുരം-കുമളി സർവീസും നിർത്തും. നെടുമങ്ങാട് ഡിപ്പോയിൽ നിന്നുള്ള എറണാകുളം ഫാസ്റ്റ് പാസഞ്ചറുകൾ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തൊടുപുഴ- തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറും സർവീസ് നിർത്തും. അടുത്ത ജില്ലകളിലേക്ക് മാത്രമായി ഫാസ്റ്റുകൾ പുനക്രമീകരിക്കുന്നതിൽ കെഎസ്ആർടിസി ചൂണ്ടിക്കാണിക്കുന്ന നേട്ടങ്ങളിൽ പ്രധാനപ്പെട്ടവ ഇങ്ങനെ:
തിരക്കേറിയ സമയങ്ങളിൽ എൻഎച്ച്, എംസി റോഡുകൾ വഴി അഞ്ചുമിനിറ്റ് ഇടവിട്ട് ഇനി ഫാസ്റ്റ് പാസഞ്ചറുകളുണ്ടാകും. അല്ലാത്തസമയം 20 മിനിട്ട് ഇടവിട്ടും. ദീർഘദൂര റൂട്ടുകളിൽ നിന്ന് ഫാസ്റ്റുകൾ പിൻവലിക്കുന്നതോടെ 72000 കിലോമീറ്റർ ഒരു ദിവസം കുറയ്ക്കാനാകും. ഇതുവഴി 180 ബസുകൾ ലാഭിക്കാം. പ്രതിമാസം ഒരു രൂപപോലും വരുമാനനഷ്ടം വരില്ലെന്ന് മാത്രമല്ല, അഞ്ചുകോടിയോളം രൂപ ചെലവിനത്തിൽ കുറയ്ക്കാം. ഒരേറൂട്ടിൽ സൂപ്പർഫാസ്റ്റ്, ഫാസ്റ്റുകളുടെ മത്സരയോട്ടവും ഇതോടെ നിയന്ത്രിക്കാനാകും.