തിരുവനന്തപുരം: ബിഎസ്എന്‍എല്ലിന് 4ജി സ്പെക്ട്രം നല്‍കാമെന്ന വാഗ്ദാനം ടെലികോം മന്ത്രാലയം പാലിക്കുന്നില്ലെന്ന് ജീവനക്കാര്‍. ടവറുകളടക്കം 4ജി സാങ്കേതിക വിദ്യയിലേക്ക് മാറ്റിയെങ്കിലും സ്പെക്ട്രം അനുവദിക്കാത്തത് ബിഎസ്എന്‍എല്ലിന് തിരിച്ചടിയായി.
ഒക്ടോബറില്‍ ബിഎസ്എന്‍എല്ലിന് 4ജി സ്പെക്ട്രം നല്‍കുമെന്നായിരുന്നു ടെലികോം മന്ത്രാലയത്തിന്റെ വാഗ്ദാനം. ഇതനുസരിച്ച് ബിഎസ്എന്‍എല്‍ കേരള എല്ലാ സാങ്കേതിക മാറ്റവും വരുത്തി. പുതിയ ഉപകരണങ്ങളും സ്ഥാപിച്ചു. ലക്ഷദ്വീപിലും തൊടുപുഴയിലും പരീക്ഷണാടിസ്ഥാനത്തില്‍ 4ജി ഉപയോഗിച്ചു. എന്നാല്‍ ഇതുവരെയും ടെലികോം മന്ത്രാലയം 4ജി സ്പെക്ട്രം അനുവദിക്കാത്തത് വന്‍ തിരിച്ചടിയായെന്ന് ജീവനക്കാര്‍ പറയുന്നു.
കേരളത്തില്‍ 30 ശതമാനത്തിലധികം വിപണി വിഹിതമുള്ള ബിഎസ്എന്‍എല്ലിന് 4ജി സൗകര്യമില്ലാത്തത് കൊണ്ട് തന്നെ ഈ രംഗത്ത് മറ്റ് കമ്പനികളുമായി മത്സരിക്കാന്‍ പോലുമാവാത്ത സ്ഥിതിയാണ്. വിദൂര മേഖലകളില്‍ പലതും ബിഎസ്എന്‍എല്ലിന് മാത്രമാണ് നെറ്റ്വര്‍ക്ക് കവറേജുള്ളത്.
ഡൗണ്‍ലിങ്കിന് 2110-2170 മെഗാ ഹെര്‍ട്സിനിടയിലുള്ള ബാന്റും അപ് ലിങ്കിന് 1920-1980 മെഗാ ഹെര്‍ട്സിനും ഇടയിലുള്ള ബാന്റും ബിഎസ്എന്‍എല്ലിന് ലഭ്യമാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ 4ജി സേവനം രാജ്യ വ്യാപകമാക്കാനായിരുന്നു ബിഎസ്എന്‍എല്ലിന്റെ പദ്ധതി. സ്പെക്ട്രം ലഭിക്കുന്നതിലെ കാലതാമസം ബിഎസ്എന്‍എല്ലിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
Discussion about this post