തിരുവനന്തപുരം: ഉടനെ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉണ്ടാകില്ലെന്ന് കെഎസ്ഇബി. കാലവർഷം കനിഞ്ഞില്ലെങ്കിലും തുലാവർഷപ്പെയ്ത്തിൽ പ്രതീക്ഷയുണ്ടെന്നും അതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും കെഎസ്ഇബി അറിയിച്ചു. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനത്തിൽ താഴെ മാത്രമാണ് ജലവൈദ്യുതി പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര നിലയങ്ങളും പവർ എകസ്ചേഞ്ചും പ്രയോജനപ്പെടുത്തിയാണ് ബാക്കി വൈദ്യുതി കണ്ടെത്തുന്നത്.
അണക്കെട്ടുകളിലെ ജലനരിപ്പ് താഴുന്നതോടെ ജലവൈദ്യുതി പദ്ധതികളിലെ ഉത്പാദനം നിയന്ത്രിക്കാൻ നിർബന്ധിതമാകും. കൂടാതെ പുറത്തുനിന്ന് കിട്ടാവുന്ന വൈദ്യുതി പരമാവധി ഉപയോഗിക്കുമെന്നും കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ള പറഞ്ഞു. തുലാവർഷം കൂടി വിലയിരുത്തിയ ശേഷം ലോഡ് ഷെഡിങിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനാണ് വൈദ്യുതി ബോർഡ് ആലോചിക്കുന്നത്.
വൈദ്യുതി ബോർഡിന്റെ പ്രധാന അണക്കെട്ടുകളിൽ സംഭരണശേഷിയുടെ കാൽ ഭാഗം പോലും വെള്ളമില്ല. ഏറ്റവും പ്രധാനപ്പെട്ട അണക്കെട്ടായ ഇടുക്കിയിൽ സംഭരണശേഷിയുടെ 20 ശതമാനം മാത്രം വെള്ളമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കാലവർഷം പകുതി പിന്നിടുമ്പോൾ ഇതുവരെ 32 ശതമാനം മഴ കുറവാണ് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post