ന്യൂഡൽഹി: എക്കാലത്തേയും പ്രവാസികളുടെ ചർച്ചാ വിഷയമായ ഗൾഫ് വിമാനക്കൂലി ഇന്ന് എംപിമാർ ചർച്ച ചെയ്യും. കേരളത്തിൽ നിന്നുള്ള എംപിമാരുടെ വിപുലമായ യോഗം വ്യാഴാഴ്ച രാവിലെ പാർലമെന്റ് മന്ദിരത്തിലാണ് നടക്കുന്നത്.
ഗൾഫിൽനിന്നുള്ള വിമാനയാത്രക്കൂലി ഉൾപ്പെടെ കേരളത്തിലെ വിമാനസർവീസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യും. വിഷയം വിശദമായി പരിഗണിക്കാനായി വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരിയാണ് എംപിമാരുടെ യോഗം വ്യാഴാഴ്ച ഡൽഹിയിൽ വിളിച്ചുചേർത്തത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചതാണ് ഇക്കാര്യം.
കേരളത്തിലെ വികസന വിഷയങ്ങൾ ചർച്ചചെയ്യാൻ മന്ത്രി മുരളീധരൻ കഴിഞ്ഞമാസം 17-നു സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെ യോഗം വിളിച്ചിരുന്നു. ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാനസർവീസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിമാനയാത്രക്കൂലി വർധന തുടങ്ങിയ വിഷയങ്ങളും അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചു. ഇക്കാര്യം വ്യോമയാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണു വിപുലമായ യോഗം വിളിക്കാൻ തീരുമാനമായത്.
Discussion about this post