കൊച്ചി: കൊച്ചി ഡിഐജി റേഞ്ച് ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും. പോലീസിന് വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ട് കണക്കിലെടുത്ത് ഞാറയ്ക്കല്‍ സിഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ യോഗത്തില്‍ നടപടിയെടുക്കും.
റിപ്പോര്‍ട്ട് കളക്ടര്‍ തിങ്കളാഴ്ച്ച സമര്‍പ്പിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്നിതിനാലാണ് പരിഗണിക്കാന്‍ കഴിയാതിരുന്നത്. ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കള്‍ക്ക് മര്‍ദനമേറ്റിരുന്നു. മര്‍ദനത്തില്‍ എംഎല്‍എയുടെ കൈക്ക് പൊട്ടലുണ്ട്.
ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍, ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ആറ്റിങ്ങല്‍ മുന്‍ എംപി സമ്പത്തിനെ നിയമിക്കുന്നതും പരിഗണിക്കും. ക്യാമ്പിനറ്റ് പദവിയോടെ നിയമനം നല്‍കാനാണ് ആലോചന. ഇക്കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനമുണ്ടായേക്കും.