തിരുവനന്തപുരം: കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിവാദത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പിന്തുണച്ച് കൊണ്ടാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.
കാനത്തിനെതിരായ പോസ്റ്റര്‍ വിവാദത്തില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായ വ്യത്യാസം ഉടലെടുത്ത സന്ദര്‍ഭത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കാനത്തിനെ സമൂഹത്തിനു മുന്നില്‍ തരംതാഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു പോസ്റ്ററെന്നും അതിലാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ എല്‍ദോ എബ്രഹാം എംഎല്‍എയെ മര്‍ദ്ദിച്ച സംഭവത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയെന്നും പരിശോധിച്ച് നടപടികളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയില്‍ സിപിഐ എംഎല്‍എയ്ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കാനം രാജേന്ദ്രന്റെ നിലപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തിന് പിന്നാലെയാണ് കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ച വാര്‍ത്ത പുറത്തുവന്നത്. സിപിഐ പാര്‍ട്ടി ഓഫീസിന്റെ ചുമരിലും രണ്ടു മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. പോസ്റ്ററില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനും അഭിവാദ്യമര്‍പ്പിച്ചിരുന്നു.
പോസ്റ്റര്‍ പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ, സംഭവത്തില്‍ രണ്ട് എഐവൈഎഫ് നേതാക്കളെയും പോലീസ് പിടികൂടിയിരുന്നു.
Discussion about this post