വയനാട്: വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ ഗവേഷണത്തിനെത്തിച്ച പക്ഷികളെ വൃത്തിഹീനമായ സാഹചര്യത്തില്‍ പാര്‍പ്പിച്ച സംഭവത്തില്‍ അധികൃതര്‍ നടപടി തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ മൃഗസംരക്ഷണ സമിതി കളക്ടര്‍ക്ക് പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പക്ഷികളെ പരിചരിക്കുന്നതില്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും പക്ഷികള്‍ക്ക് ജീവിക്കാന്‍ സൗകര്യമൊരുക്കുന്നതില്‍ സര്‍വകലാശാല അധികൃതര്‍ ഒരു ശ്രദ്ധയും കാണിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇത്തരത്തില്‍ കൂട്ടിലടച്ച രണ്ട് ഒട്ടകപക്ഷികള്‍ ചത്തുപോയി.
ഇനിയും നടപടിയെടുത്തില്ലെങ്കില്‍ ബാക്കിയുള്ള പക്ഷികളുടെ ജീവനും ഭീഷണിയാണെന്നും, വിഷയത്തില്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ സമിതി കളക്ടറോട് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജില്ലാ വെറ്ററിനറി ഡോക്ടര്‍ക്കും സര്‍വകലാശാല അധികൃതര്‍ക്കും അയച്ചിട്ടുണ്ട്.
ജില്ലാ കളക്ടറും ജില്ലാ വെറ്ററിനറി ഡോക്ടറും വൈകാതെ സ്ഥലം സന്ദര്‍ശിക്കും. അവശരായ പക്ഷികള്‍ക്ക് അടിയന്തിരമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനും സമിതി തീരുമാനിച്ചിട്ടുണ്ട്. അതേസമയം പക്ഷികളെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി സര്‍വകലാശാല അധികൃതര്‍ വിശദീകരിച്ചു.
2018 സെപ്റ്റംബറിലാണ് വെറ്ററിനറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണത്തിനായാണ് പക്ഷികളെ സര്‍വകലാശാലയിലെത്തിച്ചത്. നാല് ഒട്ടകപക്ഷി, പത്ത് എമു, 22 കോഴി, 150 താറാവ്, എട്ട് വാത്ത കോഴികള്‍, നാല് ടര്‍്ക്കി കോഴികള്‍ എന്നീ പക്ഷികളാണ് സര്‍വകലാശാലയിലെത്തിയത്.