കുട്ടനാട്: അപ്പര്‍കുട്ടനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലായി നിരവധി പേര്‍ക്ക് കാന്‍സര്‍ രോഗം കണ്ടെത്തി. കടപ്ര, നിരണം, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിലാണ് കാന്‍സര്‍ രോഗം വ്യാപകായി കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് വിദ്ഗധ പഠനം നടത്താന്‍ തീരുമാനിച്ചു. പ്രദേശത്ത് ആളുകളുടെ വിവരശേഖരണം ഓഗസ്റ്റ് 12 മുതല്‍ 24 വരെ നടത്തും.
തുടര്‍ന്ന് വിവരശേഖരണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ക്കായി 29ന് ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും. മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ തിരുവല്ല ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. രോഗം പിടിപെട്ട പഞ്ചായത്തുകളില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കുമെന്ന് എംഎല്‍എ അറിയിച്ചു.
കടപ്ര പഞ്ചായത്തില്‍ 13, നിരണം പഞ്ചായത്തില്‍ 11, 12 വാര്‍ഡുകളിലും, പെരിങ്ങര പഞ്ചായത്തിലുമാണ് ഏകദേശം നൂറിനടുത്ത് ആളുകള്‍ക്ക് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് കാന്‍സര്‍ ഉണ്ടാകാനുള്ള കാരണം എന്താണെന്ന് കണ്ടെത്തുന്നതിനായി വിദഗ്ധ പഠനം നടത്തുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം), ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍, ഡെപ്യൂട്ടി ഡിഎംഒ, പുഷ്പഗിരി, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ മെഡിക്കല്‍ സംഘം, നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെ മൂന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ അടങ്ങുന്നതാണ് സബ് കമ്മിറ്റി.
സബ് കമ്മിറ്റി യോഗം മൂന്നിന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ ഡോ വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ആര്‍ഡിഒ ഓഫീസില്‍ ചേരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവരശേഖരണത്തിനായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തയാറാക്കി അതത് പഞ്ചായത്തുകളില്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.