കായംകുളം: സഭാ തര്‍ക്കംമൂലം പത്തുദിവസം കഴിഞ്ഞിട്ടും വൈദികന്റെ മൃതദേഹം സംസ്‌കരിക്കാനാവാതെ ബന്ധുക്കള്‍. കറ്റാനം കട്ടച്ചിറ പള്ളിളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ(മാത്തുക്കുട്ടി-95) മൃതദേഹമാണ് പത്തുദിവസങ്ങളായി സംസ്‌കരിക്കാനാവാതെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്. യാക്കോബായ സഭയുടെ വൈദികനായ കൊച്ചുമകനെ സഭാവേഷത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കൈവശമുള്ള പള്ളിയില്‍ കയറ്റില്ലെന്ന പിടിവാശിയാണ് സംസ്‌കാരം നീണ്ടുപോകാന്‍ കാരണം.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മാത്തുക്കുട്ടി മരിച്ചത്. യാക്കോബായ അംഗമായ ഇദ്ദേഹത്തിന്റെ ഇടവക കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയാണ്. സഭ തര്‍ക്കത്തെ തുടര്‍ന്ന് പള്ളിയുടെ ഉടമാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കി സുപ്രീംകോടതി ഉത്തരവായിരുന്നു.
എന്നാല്‍ വിധി നടത്തിപ്പില്‍ വ്യക്തതയില്ലാത്തതിനാല്‍ പള്ളി ഇരുപക്ഷത്തിനും നല്‍കാതെ ജില്ല ഭരണകൂടം ഏറ്റെടുത്തിരിക്കുകയാണ്. പക്ഷേ പള്ളിയുടെ താക്കോല്‍ യാക്കോബായക്കാരനായ ട്രസ്റ്റിയില്‍നിന്ന് ജില്ല ഭരണകൂടം തിരിച്ചു വാങ്ങിയിട്ടുമില്ല.
കൂടാതെ പള്ളിയിലെ ഇടവകയിലെ സംസ്‌കാരച്ചടങ്ങുകളെ സംബന്ധിച്ച് കോടതി കൃത്യമായ നിര്‍വചനം നല്‍കാതിരുന്നതും പ്രശ്‌നം രൂക്ഷമാക്കി. യാക്കോബായ വിഭാഗക്കാര്‍ മരിച്ചാല്‍ പള്ളിയില്‍ ശുശ്രൂഷ അനുവദിക്കുന്നില്ല. പള്ളിക്കുസമീപമുള്ള കുരിശിനു മുന്നില്‍വച്ചാണ് ശുശ്രൂഷ. തുടര്‍ന്ന് സെമിത്തേരിയിലേക്ക് കൊണ്ടു പോകും. എന്നാല്‍ അവിടെയും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് പ്രവേശനമുള്ളൂ.ഇങ്ങനെയാണ് രണ്ട് സംസ്‌കാരച്ചടങ്ങുകള്‍ വിധി വന്ന ശേഷം നടത്തിയത്.
കുരിശിലെ ശുശ്രൂഷക്കുശേഷം മരിച്ച മാത്തുക്കുട്ടിയുടെ കൊച്ചുമകന്‍ ഫാ ജോര്‍ജി ജോണിനെ സഭവേഷത്തോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. ആവശ്യം ഓര്‍ത്തോഡോക്‌സ് വിഭാഗം അംഗീകരിച്ചില്ല. ഓര്‍ത്തഡോക്‌സ് നിലപാടിനെ ജില്ല ഭരണകൂടവും പിന്തുണച്ചതോടെ യാക്കോബായ പക്ഷം പ്രതിരോധത്തിലായി.
ഒത്തു തീര്‍പ്പായില്ലെങ്കിലും സംസ്‌കാരം വ്യാഴാഴ്ച നടത്താനായിരുന്നു കുടുംബം തീരുമാനിച്ചത്. എന്നാല്‍ പള്ളിയിലേക്ക് കൊണ്ടുവന്ന മൃതദേഹം പള്ളിക്ക് സമീപം പോലീസ് തടയുകയായിരുന്നു. രാവിലെ 11ന് റോഡരികില്‍ ഇറക്കിവച്ച മൃതദേഹം രാത്രി 7.30ക്കാണ് വീട്ടിലേക്ക് തിരിച്ച് കൊണ്ടു പോകേണ്ടി വന്നു. ഒരു മൃതദേഹം ഇത്ര സമയം റോഡ് അരികില്‍ ഇരുന്നിട്ടും വിഷയത്തില്‍ രാഷ്ട്രീയക്കാരോ ഭരണകൂടമോ ആരും സഹായിച്ചില്ലെന്ന് യാക്കോബായ നേതൃത്വം പറഞ്ഞു.
അപ്പച്ചന്റെ അന്ത്യ അഭിലാഷമായിരുന്നു സഭാവേഷത്തോടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കണമെന്നത്. അത് നടപ്പാക്കാതിരിക്കാന്‍ തനിക്ക് കഴിയില്ലെന്നും ഫാ ജോര്‍ജി ജോണ്‍ പറഞ്ഞു.
Discussion about this post