തിരുവനന്തപുരം: ഒന്നുമുതല്‍ പ്ലസ്ടുവരെയുള്ള എല്ലാ സ്കൂള്‍ പരീക്ഷകളും രാവിലെയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. പരീക്ഷകള്‍ രാവിലെ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കില്‍ വൈകുന്നേരങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചും അധികൃതര്‍ ആലോചിക്കണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു.
സാധാരണ പരീക്ഷ നടക്കുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കനത്ത ചൂടുകാരണം പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടാറുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് കമ്മീഷന് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. ഒന്നുമുതല്‍ പ്ലസ്ടുവരെയുള്ള എല്ലാ സ്കൂള്‍ പരീക്ഷകളും രാവിലെയാക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.
പരീക്ഷ നടക്കുന്ന ക്ലാസ് മുറികളിലെല്ലാം മതിയായ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ കുട്ടികള്‍ വെയിലുകൊള്ളുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല അധ്യാപകര്‍ക്കാണെന്നും നല്ല കാലാവസ്ഥയില്‍ പരീക്ഷ എഴുതുന്നത് കുട്ടികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ വഴിയൊരുക്കുമെന്നും ബാലാവകാശ കമ്മീഷന് ചൂണ്ടിക്കാട്ടി.