തൃശ്ശൂർ: സംസ്ഥാനപോലീസിന്റെ ശ്വാനസേനയിലെ മിന്നും താരമായിരുന്ന തണ്ടർ എന്ന പോലീസ് നായക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. 11 വർഷത്തെ സേവനത്തിന് ശേഷം സേനയിൽ നിന്നും വിരമിച്ച് തൃശ്ശൂർ കേരളാ പോലീസ് അക്കാദമിയിൽ വിശ്രമജീവിതം നയിക്കവെയാണ് തണ്ടർ വിടവാങ്ങിയത്.
നിർണായകമായ പലകേസുകളിലും തുമ്പ് കണ്ടെത്തി, സേവന മികവിന് അഭിനന്ദനങ്ങളേറ്റുവാങ്ങിയ തണ്ടറിന്റെ അന്ത്യയാത്ര ഇന്നലെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു നടന്നത്. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്ന വിഭാഗത്തിൽ കൊല്ലം ജില്ലയിലാണ് 2009ൽ തണ്ടർ സർവ്വീസിൽ പ്രവേശിച്ചത്. ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ അലക്ക് കല്ലുകൾക്കിടയിൽ ഒളിപ്പിച്ചിരുന്ന 15 ലിറ്റർ ഗൺപൗഡർ പിടിച്ചെടുത്തത് തണ്ടറിന്റെ സേവനമികവിലാണ്.
കൊല്ലം ജില്ലയിലെ കേരളപുരത്ത് ഒരു വീട്ടിൽ ഒളിപ്പിച്ചിരുന്ന ഗൺ പൗഡർ കണ്ടെത്തിയതും തണ്ടറിന്റെ നേതൃത്വത്തിലാണ്. 2011ൽ നടന്ന സ്റ്റേറ്റ് പോലീസ് ഡ്യൂട്ടി മീറ്റിൽ തണ്ടർ രണ്ടാം സ്ഥാനം നേടിയിരുന്നു. കൊല്ലം ജില്ലയിലെ വിവിധസുരക്ഷാ പരിശോധനകൾക്ക് മുന്നിൽ നിന്നിരുന്ന തണ്ടർ സേനയുടെ തന്നെ അഭിഭാജ്യഘടകമായിരുന്നു.