കണ്ണൂര്‍: ഇനി മുടി വെട്ടിയാല്‍ എവിടെ കളയുമെന്ന് ഓര്‍ത്ത് വിഷമിക്കേണ്ടതില്ല. എടുത്ത് വെച്ചാല്‍ പൊന്നും വിലയ്ക്ക് വില്‍ക്കാം. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത്. പ്രവാസി മലയാളികളുടെ കൂട്ടായ്മയിലുള്ള വീരാട് ഓര്‍ഗാനിക് സൊലൂഷന്‍സ് എന്ന കമ്പനിയാണ് പദ്ധതി ഏറ്റെടുത്തിട്ടുള്ളത്.
ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയ്ക്കാണു പദ്ധതിയുടെ ഏകോപനം. വെട്ടിയ മുടി ഉപയോഗിച്ച് അമിനോ ആസിഡ് വളവുമുണ്ടാക്കി വിപണന സാധ്യതയ്ക്ക് ഒരുങ്ങുകയാണ് സംസ്ഥാനം. ഈ പദ്ധതിക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത് ഡെന്‍മാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ്. ഇതിനായി കണ്ണൂര്‍ എരമം കുറ്റൂര്‍ പഞ്ചായത്തില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 16 ഏക്കര്‍ ഏറ്റെടുത്തതായി അധികൃതര്‍ പറഞ്ഞു.
25 കോടി ചെലവഴിച്ച് നടത്തുന്ന പദ്ധതിയില്‍ പ്രതിദിനം പ്ലാന്റില്‍ 600 കിലോ മുടി സംസ്‌കരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രധാനമായും മീനുകള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയ്ക്കുള്ള ആഹാരത്തില്‍ (പെറ്റ് ഫുഡ്) ആണ് ഇത് ഉപയോഗിക്കുക. മണ്ണില്ലാതെ വെള്ളത്തില്‍ ജൈവകൃഷി നടത്തുമ്പോള്‍ വളമായും അമിനോ ആസിഡ് ഉപയോഗപ്പെടുത്താനാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മുടി സംസ്‌കരിച്ചുണ്ടാകുന്ന കരി വളമായും ഉപയോഗിക്കാം. കണ്ണൂരിലാണ് ആദ്യ പ്ലാന്റ സ്ഥാപിക്കുന്നത്.