ദുബായ്: യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനം പറന്നത് മുപ്പത് മണിക്കൂറിലേറെ വൈകി. ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനമാണ് ഞായറാഴ്ച രാത്രി യാത്ര പുറപ്പെട്ടത്. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. എ.ഐ 934 വിമാനമാണ് ഇരുന്നൂറിലധികം യാത്രക്കാരെ വലച്ചത്.
നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി യാത്രക്കാര്‍ ഒന്നര മണിയോടെ വിമാനത്തില്‍ കയറിയിരുന്നു. എന്നാല്‍ ചില സാങ്കേതികത്തകരാറുകള്‍ കാരണം വിമാനം യാത്ര തുടങ്ങിയില്ല. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം വിമാനത്തില്‍ തന്നെ ഇരിക്കേണ്ടിവന്ന യാത്രക്കാരെ പിന്നീട് തിരിച്ചിറക്കുകയായിരുന്നു. അത്യാവശ്യമായി നാട്ടില്‍ എത്തേണ്ടിയിരുന്ന 27 പേരെ ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തില്‍ കയറ്റി വിട്ടു.
ദുരിതത്തിലായ യാത്രക്കാരില്‍ ചിലര്‍ ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചുവാങ്ങുകയും ചിലര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എയര്‍പോര്‍ട്ടില്‍ തന്നെ കാത്തിരുന്ന വടക്കന്‍ എമിറേറ്റുകളില്‍ നിന്ന് വന്നവരെ വൈകീട്ടോടെ ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഹോട്ടലിലേക്ക് മാറ്റി.
യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ മുംബൈയില്‍ നിന്ന് എന്‍ജിനീയര്‍മാര്‍ വൈകീട്ടോടെ എത്തിയെങ്കിലും നടപടിക്രമങ്ങള്‍ കാരണം അറ്റകുറ്റപ്പണി പെട്ടെന്ന് നടത്താനായില്ല. പിന്നീട് അടുത്ത ദിവസം പ്രശ്നം പരിഹരിച്ചാണ് യാത്ര തുടര്‍ന്നത്.
Discussion about this post