ന്യൂഡൽഹി: കോൺഗ്രസ് നിലവിൽ ഉത്തരവാദിത്തമില്ലാത്തവരുടെ കൈകളിലാണെന്ന് തുറന്നടിച്ച് ശശി തരൂർ എംപി. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നാണെങ്കിൽ ജനാധിപത്യരീതിയിൽ പാർട്ടിക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി അധ്യക്ഷനെ എത്രയും പെട്ടെന്ന് തെരഞ്ഞെടുക്കണമെന്ന് ശശി തരൂർ എംപി ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷനായി യുവനേതാവ് വരണമെന്നാണ് ആഗ്രഹമെന്നും തരൂർ ഡൽഹിയിൽ പ്രതികരിച്ചു.
രാഹുൽ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ കടുത്ത നിരാശയുണ്ട്. പാർട്ടിഅധ്യക്ഷനെ കണ്ടെത്താൻ പ്രവർത്തകർക്കിടയിൽ തെരഞ്ഞെടുപ്പ് നടത്തണം. പ്രവർത്തക സമിതി അംഗങ്ങൾ രാജിവച്ച് സംഘടന തെരഞ്ഞെടുപ്പിനെ നേരിടണം. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ദു:ഖമുണ്ട്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ പാർട്ടി വാതിലുകൾ തുറന്നിടണം. കോൺഗ്രസ് ഉത്തരവാദിത്തമില്ലാത്ത പാർട്ടിയാവരുതെന്ന് ആവശ്യപ്പെട്ട തരൂർ ഇനിയിത് കണ്ടു നിൽക്കാനാവില്ലെന്നും തുറന്നടിച്ചു.
ജനങ്ങൾ കോൺഗ്രസിനെ ഉറ്റുനോക്കുന്നു എന്ന് നേതൃത്വം മനസ്സിലാക്കണമെന്നും കർണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് നാഥനില്ലാത്തതിനാലാണെന്നും തരൂർ അഭിപ്രായപ്പെട്ടു. ജനാധിപത്യ തെരഞ്ഞെടുപ്പിനായി സംഘടനയെ തുറന്നിടണം, പ്രിയങ്ക ഗാന്ധി എത്തുന്നതിനോട് എതിർപ്പില്ല. ഗാന്ധി കുടുംബത്തിൽ നിന്നാരും അധ്യക്ഷ സ്ഥാനത്തേക്ക് ഉണ്ടാവില്ലെന്നാണ് രാഹുൽ പറഞ്ഞതെന്നും തരൂർ വിശദീകരിച്ചു.
Discussion about this post