തിരുവനന്തപുരം: ആലപ്പുഴയിലെ പോസ്റ്റര്‍ വിഷയത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധമില്ലെന്ന് കാനം രാജേന്ദ്രന്. വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്. പരസ്യമായിട്ടല്ല. അവര്‍ ചെയ്തത് പാര്‍ട്ടി വിരുദ്ധ നടപടിയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.
പോസ്റ്റര്‍ വിഷയത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും കാനം രാജേന്ദ്രന് പറഞ്ഞു. സംഭവത്തില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി പരാതി നല്‍കിയിട്ടുണ്ടെന്നും, പ്രതികളെ കണ്ടെത്തിയെന്നും, സംഘം സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കാനം പറഞ്ഞു.
അതെസമയം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ പോസ്റ്ററൊട്ടിച്ച നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവരെയാണ് പുറത്താക്കിയത്.
മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്ക് പറ്റിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിനും രണ്ടു മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലും കാനത്തിന് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കാനത്തെ മാറ്റൂ, സിപിഐ രക്ഷിക്കൂ എന്നാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. നേരത്തെ പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Discussion about this post