തൃശ്ശൂര്‍: കഴിഞ്ഞ ദിവസം മരിച്ച പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മന്ത്രി എകെ ബാലന്. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ തന്റെ പ്രിയ ഗുരുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയത്. ആ വേദന അദ്ദേഹം ഫേസ്ബുക്കിലൂടെ കുറിച്ചു. ഇന്ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ആറ്റൂര്‍ മാഷെ കാണുമ്പോള്‍ കവിത ഉറങ്ങുന്നു പോലെ തോന്നിയെന്ന് അദ്ദേഹം പറയുന്നു. ഇത്തവണ മുഖത്ത് കണ്ണട കണ്ടില്ല, ബാക്കിയെല്ലാം പതിവുപോലെ തന്നെയാണെന്നും മന്ത്രി കുറിച്ചു.
തന്റെ ഗുരുവിനെ അവസാനമായി ഓരു നോക്ക് കണ്ടപ്പോള്‍ ആദ്യ മനസിലേയ്ക്ക് ഓടിയെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനും ഞാനും ശിഷ്യരായിരുന്ന അദ്ദേഹത്തിന്റെ തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ നാളുകളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസം മുന്‍പാണ് അദ്ദേഹം മരണപ്പെട്ടത്. 88 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഇന്ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ആറ്റൂര്‍ മാഷെ കാണുമ്പോള്‍ കവിത ഉറങ്ങുന്നു പോലെ തോന്നി. ഇത്തവണ മുഖത്ത് കണ്ണട കണ്ടില്ല. ബാക്കിയെല്ലാം പതിവുപോലെ. ചുറ്റിലും ധ്വനിസാന്ദ്രമായ മൗനം. മുഖ്യമന്ത്രി പിണറായി വിജയനും ഞാനും ശിഷ്യരായിരുന്ന അദ്ദേഹത്തിന്റെ തലശ്ശേരി ബ്രണ്ണന്‍കോളജിലെ നാളുകളാണ് മനസ്സില്‍ ഓടിയെത്തിയത്. ഗുരു എന്താണെന്ന് അനുഭവിപ്പിച്ച മഹാനുഭാവന്. ആ സ്നേഹവും കരുതലും ആവോളം കിട്ടിയിട്ടുണ്ട്. ഓര്‍മകള്‍ക്ക് മരണമില്ല. കവിതയിലൂടെ മാഷ് അനശ്വരനാക്കപ്പെട്ടു. പ്രിയമാഷിന് അന്ത്യാഞ്ജലി….