കൊച്ചി: വൈറ്റില മേൽപ്പാല നിർമ്മാണത്തിൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും വീഴ്ചയെന്ന് പൊതുമരാമത്ത് വകുപ്പ് വിജിലൻസിന്റെ കണ്ടെത്തൽ. പാലാരിവട്ടം പാലത്തിന് പിന്നാലെയാണ് പൊതുമരാമത്ത് വകുപ്പിനെ പ്രതിരോധത്തിലാക്കി വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണത്തിലും നിലവാരക്കുറവെന്ന പരാതി ഉയർന്നിരിക്കുന്നത്. എന്നാൽ, നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവാരം വിലയിരുത്തുന്ന ക്വാളിറ്റി കൺട്രോൾ വിഭാഗം ഇതുവരെ വീഴ്ചകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ഓഫീസ് അറിയിച്ചു.
ഇതിനിടെ, വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് പോയതിൽ മന്ത്രി ജി സുധാകരൻ ഉദ്യോഗസ്ഥരെ ശകാരിച്ചതായം വിവരമുണ്ട്. വൈറ്റില മേൽപ്പാല നിർമ്മാണത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നതോടെയാണ് പൊതുമരാമത്തു വകുപ്പ് ജില്ല വിജിലൻസ് ഓഫീസർ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കോൺക്രീറ്റ് നടക്കുന്ന സമയത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥലത്ത് ഉണ്ടാകാറില്ലെന്നും പരിചയ സമ്പന്നരായ സൂപ്പർ വൈസർമാരുടെ അഭാവം നിർമ്മാണ സ്ഥലത്തുണ്ടെന്നും കണ്ടെത്തിയത്.
എക്‌സിക്യൂട്ടീവ് എഞ്ചനീയറുടെ അസാന്നിധ്യം പണികളെ ബാധിക്കുമെന്ന് മേലുദ്യാഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഉദ്യോഗസ്ഥർ കൃത്യ നിർവഹണത്തിൽ വരുത്തിയ വീഴ്ചയാണ് ഗുണനിലവാരം കുറയാൻ കാരണമെന്നാണ് വിജിലൻസ് വിഭാഗത്തിൻറെ നിഗമനം.
Discussion about this post