ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ പോസ്റ്ററൊട്ടിച്ച നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവരെയാണ് പുറത്താക്കിയത്. സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷിജുവിനെയും ജയേഷിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തിട്ടില്ല. അയാള്‍ ഒളിവിലാണ്.
മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്ക് പറ്റിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിനും രണ്ടു മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലും കാനത്തിന് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കാനത്തെ മാറ്റൂ, സിപിഐ രക്ഷിക്കൂ എന്നാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. നേരത്തെ പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.