സിഗ്‌നലില്‍ നിര്‍ത്തിയ കാറിനെ മന:പൂര്‍വ്വം ഇടിച്ച് സ്വകാര്യ ബസ്; സോണീസ് ബസിനെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: നഗരമധ്യത്തില്‍ കാര്‍ യാത്രക്കാരനെ മന:പൂര്‍വ്വം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സ്വകാര്യബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. എരുമേലി കോട്ടയം റൂട്ടില്‍ ഓടുന്ന സോണീസ് ബസാണ് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം ബസേലിയസ് ജംക്ഷനില്‍ ചുവപ്പു സിഗ്‌നല്‍ കണ്ടു നിര്‍ത്തിയ കാറിനെ മനപൂര്‍വ്വം ഇടിച്ച് ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി. കഞ്ഞിക്കുഴി സ്വദേശിയായ കാര്‍ യാത്രക്കാരന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടി തുടങ്ങി. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനും നീക്കമുണ്ട്.

വെള്ളിയാഴ്ച രാവിലെ കോട്ടയം ആര്‍ടിഒ വിഎം ചാക്കോയുടെ നിര്‍ദേശപ്രകാരം എംവിഐ എംബി ജയചന്ദ്രനാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസ് കഞ്ഞിക്കുഴിയില്‍ എത്തിയപ്പോള്‍ ജയചന്ദ്രന്‍ സാധാരണ യാത്രക്കാരന്‍ ആയി ബസില്‍ കയറിയാണ് ബസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ ബസ് പയ്യപ്പാടി കോട്ടയം റൂട്ടില്‍ ഓടുന്ന സിന്ധുവും വൈകിട്ടു മോട്ടര്‍ വാഹന വകുപ്പ് പിടികൂടിയെങ്കിലും യാത്രക്കാര്‍ ഉണ്ടായിരുന്നതു പരിഗണിച്ചു ബസ് പിന്നീട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി.

ഇരു ബസുകളും നഗരത്തിനുള്ളില്‍ മത്സരയോട്ടം നടത്തുകയായിരുന്നു എന്നും ബസേലിയസ് കോളജ് ജംക്ഷനില്‍ എത്തിയപ്പോള്‍ സിന്ധു ബസ് ട്രാക്ക് തെറ്റിച്ച് മുന്നില്‍ കയറിയെന്നും എംവിഐ എം ജയചന്ദ്രന്‍ പറഞ്ഞു. ഇരു ബസുകളുടെയും പെര്‍മിറ്റ് റദ്ദാക്കാന്‍ വിധം നിയമലംഘനം നടന്നിട്ടുണ്ടെന്ന് ആര്‍ടിഒക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നഗരത്തിലേക്കു വരികയായിരുന്ന കാര്‍ ബസേലിയസ് ജംക്ഷനില്‍ സിഗ്‌നല്‍ കണ്ടു നിര്‍ത്തി. കാര്‍ സിഗ്‌നല്‍ തെറ്റിച്ച് മുന്നോട്ട് എടുക്കണമെന്ന് ആവശ്യപ്പെട്ടാണു ബസ് ജീവനക്കാര്‍ കൊലവിളി നടത്തിയത്. ഇതില്‍ സിന്ധു ബസ് ലെയ്ന്‍ തെറ്റിച്ചു മുന്നോട്ടു കയറ്റി നിര്‍ത്തി. കാറിനു പിന്നില്‍ നിര്‍ത്തിയ സോണീസ് ബസ് കാറില്‍ ഇടിപ്പിച്ചു എന്നാണു പരാതി.

ബസിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്താന്‍ ശ്രമിച്ച തന്നെ ‘വണ്ടി കയറ്റി കൊല്ലു’മെന്ന് ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായി യുവാവ് പറഞ്ഞു. തര്‍ക്കവും ഭീഷണിയും നീണ്ടതോടെ കെകെ റോഡില്‍ ഗതാഗതക്കുരുക്കായി. പോലീസ് ഉദ്യോഗസ്ഥ നിര്‍ദേശിച്ചതിനാല്‍ യുവാവ് കാര്‍ മുന്നോട്ട് എടുത്തു യാത്ര തുടര്‍ന്നു.

Exit mobile version