ആലപ്പുഴ: സഭാതര്‍ക്കം നിലനില്‍ക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ് സുപ്രീംകോടതി വിധി നടപ്പാക്കിയത്. വിധി നടപ്പാക്കിയ സാഹചര്യത്തില്‍ പള്ളിയില്‍ ആരാധനാകര്‍മ്മങ്ങള്‍ ആരംഭിക്കുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം അറിയിച്ചു.
കോടതി വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ വിഭാഗം സംഘടിച്ചെത്തിയതിനെ തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ജില്ലാ ഭരണകൂടം പോലീസ് സഹായത്തോടെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എത്തിയതോടെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി സംഘടിച്ചെത്തി. പോലീസ് ഇവരെ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുകയായിരുന്നു.
ഞായറാഴ്ച മുതല്‍ കുര്‍ബാന നടത്തുമെന്നും വികാരിയും സഹായിയും പള്ളിയില്‍ തന്നെ താമസിക്കുമെന്നും ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കനത്ത പോലീസ് കാവലാണ് പള്ളിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സഭാ തര്‍ക്ക വിഷയത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്. എന്നാല്‍ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാരിന് വിധി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Discussion about this post