തിരുവനന്തപുരം: ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിക്കായി അപേക്ഷിച്ച വ്യക്തിയിൽ നിന്നും കൈക്കൂലി വാങ്ങിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ചാല സബ് രജിസ്ട്രാർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ജി ഗിരീഷ് കുമാറിനെയാണ് മന്ത്രി ജി സുധാകരന്റെ ഇടപെടലിനു പിന്നാലെ പിരിച്ചുവിട്ടത്. കോട്ടപ്പടി സബ് രജിസ്ട്രാർ ഓഫീസിൽ ഹെഡ് ക്ലാർക്കായി ജോലി ചെയ്യവേയാണ് ഗിരീഷ് ആധാരത്തിന്റെ കോപ്പിക്കായി കൈക്കൂലി ആവശ്യപ്പെട്ടത്.
അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൂലി വാങ്ങിയ ഗിരീഷ് കുമാർ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാൽ തൃശ്ശൂർ വിജിലൻസ് കോടതി ഗിരീഷ് കുമാറിന് ഒരുവർഷത്തെ കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രജിസ്ട്രേഷൻ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം വിശദീകരിച്ച് മന്ത്രി തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.
രജിസ്ട്രേഷൻ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും കഴിഞ്ഞ മൂന്ന് വർഷമായി നിരവധി പരിഷ്കാരങ്ങളും നടപടികളും എടുത്ത് ജനസൗഹൃദമാക്കുകയാണെന്നും വകുപ്പിലെ ചീഫ് എഞ്ചിനീയർ മുതലുള്ള ഉദ്യോഗസ്ഥരെ പോലും സർക്കാരിന്റെ നയങ്ങൾക്ക് എതിരായി പ്രവർത്തിച്ചതിന് നടപടിക്ക് വിധേയരാക്കിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
മന്ത്രി ജി സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
അഴിമതിക്കെതിരെ പ്രസംഗിക്കുകമാത്രമല്ല, അഴിമതിക്കാർക്കെതിരെ നടപടി എടുക്കുമെന്ന് തെളിയിക്കുകയാണ് പിണറായി സർക്കാർ. വാക്കും പ്രവർത്തിയും തമ്മിലുള്ള പൊരുത്തമാണ് ഇവിടെ കാണുന്നത്. രജിസ്ട്രേഷൻ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും കഴിഞ്ഞ മൂന്ന് വർഷമായി നിരവധി പരിഷ്കാരങ്ങളും നടപടികളും എടുത്ത് ജനസൗഹൃദമാക്കുകയാണ്. പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയർ മുതലുള്ള ഉദ്യോഗസ്ഥരെ പോലും സർക്കാരിന്റെ നയങ്ങൾക്ക് എതിരായി പ്രവർത്തിച്ചതിന് നടപടിക്ക് വിധേയരാക്കിയിട്ടുണ്ട്.
കുറച്ച് ദിവസം മുമ്പ് സബ് രജിസ്ട്രാർ ഓഫീസിൽ വന്ന ദമ്പതികളോട് അപമര്യാദയായി പെരുമാറിയ മുക്കം സബ് രജിസ്ട്രാർ ഉൾപ്പെടെ നാല് പേരെ സസ്പെൻറ് ചെയ്ത് നിർത്തിയിരിക്കുകയാണ്. അത് ജനങ്ങൾക്കിടയിൽ വലിയ തോതിൽ പിന്തുണയുണ്ടാക്കിയ കാര്യവുമാണ്. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം രജിസ്ട്രേഷൻ വകുപ്പിലെ രണ്ടാമത്തെ ആളെയാണ് ഇപ്പോൾ സർക്കാർ സർവ്വീസിൽ നിന്നും പുറത്താക്കുന്നത്. സർവ്വീസിൽ നിന്നും പുറത്താക്കുന്നതിന് സർക്കാരിന് മടിയൊന്നുമില്ല. ഇതൊരു സന്ദേശമാണ്.
ഈ സന്ദേശം ഉൾകൊള്ളാൻ കഴിയുന്ന ആളുകളാണ് മഹാഭൂരിപക്ഷം വരുന്ന ജീവനക്കാരും. എന്നാൽ ഇതൊന്നും ഉൾകൊള്ളാത്ത അപൂർവ്വം ചില ഉദ്യോഗസ്ഥരെയും കാണാം, അവർക്കെതിരെ നടപടി എടുത്ത് വരികയാണ്. എല്ലാ ഉദ്യോഗസ്ഥരും അവരവരുടെ വകുപ്പുകളിലെ നിയമങ്ങളും ചട്ടങ്ങളും പഠിച്ച് മനസ്സിലാക്കി പ്രവർത്തിക്കണം.
കോട്ടപ്പടി സബ് രജിസ്ട്രാർ ഓഫീസിൽ ഹെഡ് ക്ലാർക്കായി ജോലി ചെയ്യവേ ആധാരത്തിൻറെ സാക്ഷ്യപ്പെടുത്തിയ പകർപ്പിന് അപേക്ഷ സമർപ്പിച്ച കക്ഷിയിൽ നിന്നും ചാല സബ് രജിസ്ട്രാർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ജി. ഗിരീഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കക്ഷി വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോയിൽ പരാതി നൽകുകയും പരാതിയിന്മേലുളള പ്രാഥമിക അന്വേഷണത്തിനു ശേഷം വിജിലൻസ് കോട്ടപ്പടി സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങിയ ഫിനോഫ്തിലിൻ പുരട്ടിയ നോട്ടുകൾ പിടികൂടി കോടതിയിൽ ഹാജരാക്കി ടിയാനെ റിമാൻറ് ചെയ്യുകയും ചെയ്തിരുന്നു.
അഴിമതി നിരോധന നിയമത്തിൻറെ അടിസ്ഥാനത്തിൽ കൈക്കൂലി വാങ്ങിയതിന് ഗിരീഷ് കുമാർ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിൻറെ അടിസ്ഥാനത്തിൽ തൃശൂർ വിജിലൻസ് കോടതി ഗിരീഷ് കുമാറിനെ ഒരുവർഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചിരിക്കുകയാണ്.
ഇതിൻറെ അടിസ്ഥാനത്തിലാണ് ഗിരീഷ് കുമാറിനെ സർവീസിൽ തുടരാൻ യോഗ്യനല്ലെന്ന് കണ്ട് പിരിച്ചുവിട്ടത്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഇതൊരു മുന്നറിയിപ്പാണ്.
Discussion about this post