തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ഡ്യൂട്ടിയിലുള്ള പോലീസുകാരോട് പുറത്തിറങ്ങാൻ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം. ഡ്യൂട്ടി തുടരേണ്ടതില്ലെന്നാണ് വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് പോലീസുകാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. പോലീസുകാർ കോളേജിൽ ഡ്യൂട്ടിക്കുള്ളതിനെതിരെ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് ഇനി കോളേജിനുള്ളിൽ കയറേണ്ടെന്ന് പോലീസുകാർക്ക് നിർദേശം ലഭിച്ചിരിക്കുന്നത്.
അഞ്ച് പോലീസുകാരാണ് കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. കോളേജ് ക്യാംപസിനകത്തെ ആക്രമണത്തോടെ ഒരാഴ്ച അടച്ചിട്ട ക്യാംപസ് തിങ്കളാഴ്ച തുറന്നതിന് ശേഷവും പോലീസ് കാവൽ തുടർന്നത് വിദ്യാർത്ഥികൾ ചോദ്യം ചെയ്യുകയായിരുന്നു. പോലീസ് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ രംഗത്തെത്തി.
അതിനിടെ, പോലീസ് മോശമായി പെരുമാറിയെന്നാരോപിച്ച് ചില വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് പരാതിയും നൽകിയതോടെ ക്യാംപസിന് പുറത്തേക്കിറങ്ങാൻ പോലീസുകാർക്ക് നിർദേശം ലഭിക്കുകയായിരുന്നു. പ്രിൻസിപ്പാളോ ഉന്നത വിദ്യാഭ്യാസ വകുപ്പോ ആവശ്യപ്പെട്ടാൽ മാത്രം ക്യാംപസിനുള്ളിൽ കയറിയാൽ മതിയെന്നും പോലീസുകാർക്ക് നിർദേശമുണ്ട്.
Discussion about this post