കൊച്ചി: കൊച്ചിയില്‍ ഉണ്ടായ പോലീസ് ലാത്തിച്ചാര്‍ജ്ജുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ട് എറണാകുളം ജില്ലാ കളക്ടര്‍ക്ക് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാം. ലാത്തിചാര്‍ജില്‍ തന്റെ കൈക്ക് പൊട്ടലേറ്റിട്ടില്ലെന്ന പോലീസിന്റെ റിപ്പോര്‍ട്ട് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ.
തന്റെ കൈക്ക് പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും എല്‍ദോ പറയുന്നു. ആ പരിക്ക് ഭേദമാകുവാന്‍ വേണ്ടിയാണ് പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാജമായ ഒരുപാട് റിപ്പോര്‍ട്ടുകള്‍ കൊടുത്ത് ശീലമുള്ളവരാണ് പോലീസെന്നും എല്‍ദോ വിമര്‍ശിച്ചു. എന്നെ അടക്കമുള്ള നേതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും മറ്റും വന്നതാണ്. ശേഷം അതിന്റെ ആഴം അളക്കുന്നത് ശരിയല്ലെന്നും നിരവധി സമരങ്ങളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും മര്‍ദ്ദനമേല്‍ക്കുന്നതില്‍ ഒരു മടിയും ഉണ്ടായിട്ടില്ലെന്നും എല്‍ദോ എബ്രഹാം കൂട്ടിച്ചേര്‍ത്തു.
ലാത്തിചാര്‍ജ്ജില്‍ എല്‍ദോ എബ്രഹാമിന് മാരകമായ പരിക്കുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് നല്‍കിയിരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ എംഎല്‍എയുടെ ഇടതുകൈ ഒടിഞ്ഞിരുന്നു എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ഇത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിസന്ധികള്‍ക്കും വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൈ ഒടിഞ്ഞിട്ടില്ലെന്ന പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത്. എംഎല്‍എയുടെ കൈയിന്റെ എല്ലുകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച നടന്ന ഹിയറിങ്ങിലാണ് പോലീസ് മെഡിക്കല്‍ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കും തഹസീല്‍ദാര്‍ക്കും കൈമാറിയത്.
Discussion about this post