കൊച്ചി: എറണാകുളത്ത് ഡിഐജി ഓഫീസ് മാർച്ചിനിടെ ഉണ്ടായ പോലീസ് ലാത്തിച്ചാർജ്ജിൽ മൂവാറ്റുപുഴ സിപിഐ എംഎൽഎ എൽദോ എബ്രഹാമിന് മാരകമായ പരിക്കുകൾ ഏറ്റിട്ടില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. മർദ്ദനത്തിൽ എംഎൽഎയുടെ ഇടതുകൈ ഒടിഞ്ഞിരുന്നു എന്ന റിപ്പോർട്ടിന് പിന്നാലെ രാഷ്ട്രീയ ലോകത്ത് വലിയ വിവാദങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. എംഎൽഎയുടെ കൈയിന്റെ എല്ലുകൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ റിപ്പോർട്ട് തഹസീൽദാർ കളക്ടർക്ക് കൈമാറി. എംഎൽഎയ്ക്ക് പരിക്കേറ്റിട്ടില്ലെന്ന് നേരത്തെ പോലീസ് വിശദീകരിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് പുതിയ റിപ്പോർട്ടെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ, ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയത് പാർട്ടി അറിയാതെയാണെന്ന വാദവുമായി സിപിഐ സംസ്ഥാന നേതൃത്വം രംഗത്തെത്തി. പോലീസ് സ്റ്റേഷൻ മാർച്ചിനാണ് സംസ്ഥാന കമ്മിറ്റി അനുമതി നൽകിയതെന്നും സമാധാനപരമായ മാർച്ചിനായിരുന്നു നിർദേശമെന്നും സംസ്ഥാനനേതൃത്വം പറയുന്നു. ജില്ലാകമ്മിറ്റി ഈ നിർദേശം അട്ടിമറിച്ചെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം. സംഭവത്തിൽ ജില്ലാ സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്നും വിലയിരുത്തുന്നു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത വിമർശനം ഉയർന്നതോടെയാണ് സംസ്ഥാന നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വീഴ്ച പറ്റിയത് എറണാകുളം ജില്ലാ കമ്മിറ്റിക്കാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.