ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. രാത്രി ഒരു മണിയോടെയാണ് കാറില്‍ എത്തിയ നാലംഗ സംഘം പോസ്റ്റര്‍ ഒട്ടിച്ചത്. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലിലും രണ്ടു മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് പോസ്റ്റര്‍ പതിച്ചത്.
പോസ്റ്ററൊട്ടിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. ആദ്യം ഒരാള്‍ വന്ന് പോസ്റ്ററൊട്ടിച്ചു. അതിന് പിന്നാലെ മറ്റ് മൂന്ന് പേരും വാഹനത്തില്‍ നിന്ന പോസ്റ്ററുകളെടുത്ത് കൊണ്ടുവന്ന് മതിലില്‍ ഒട്ടിക്കുന്നതാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.
എന്നാല്‍ സംഭവം മാധ്യമ ഗൂഢാലോചനയാണെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ആഞ്ചലോസ് പ്രതികരിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി എസ്പിക്ക് പരാതി നല്കി. ഇതോടൊപ്പം പാര്‍ട്ടിയും അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
പുലര്‍ച്ചെ ആളുകളെത്തിയപ്പോള്‍ ഈ പോസ്റ്ററുകള്‍ നീക്കി. ”കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ” എന്നാണ് പോസ്റ്ററില്‍ പറയുന്നത്. എന്നാല്‍ സിപിഐക്കാരാരും തനിക്കെതിരെ പോസ്റ്ററൊട്ടിക്കില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി.
എറണാകുളം ലാത്തിച്ചാര്‍ജിന് പിന്നാലെ സിപിഐയില്‍ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് പോസ്റ്ററുകളും പ്രത്യക്ഷപ്പെടുന്നത്. പാര്‍ട്ടി എറണാകുളം ജില്ലാ എക്സിക്യൂട്ടീവില്‍ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. മുന്‍ എംപിയും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമായ സി എന്‍ ജയദേവന് കാനത്തിന്റെ നിലപാടുകളെ പരസ്യമായി തളളി രംഗത്തെത്തി. കടുത്ത വിമര്‍ശനം മുന്നില്‍ക്കണ്ട കാനം രാജേന്ദ്രന് സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു.
Discussion about this post