ആലപ്പുഴ: കൈയ്യില്‍ പണമില്ലാത്തതിന്റെ പേരില്‍ ആരും പട്ടിണി കിടക്കരുതെന്ന ആലപ്പുഴ നഗരസഭയുടെയും പൊതുവിതരണ വകുപ്പിന്റെയും കരുതല്‍ വിജയത്തിലേക്ക്. വിശന്ന വയറുമായി അലുന്നവര്‍ക്ക് ഇനി ആലപ്പുഴയില്‍ സുഭിക്ഷമായി ഉച്ചയൂണ് കഴിക്കാം. ‘വിശപ്പ് രഹിത ആലപ്പുഴ’ പദ്ധതിയാണ് ആലപ്പുഴയുടെ വിശപ്പിനെ അകറ്റാന്‍ ഒരുങ്ങുന്നത്. ആലപ്പുഴ നഗരസഭയും പൊതുവിതരണ വകുപ്പും ചേര്‍ന്നൊരുക്കുന്ന പദ്ധതി ഓഗസ്റ്റ് 4ന് ആരംഭിക്കും. ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം നോര്‍ത്ത് പോലീസ് സ്റ്റേഷന്റെ അടുത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാത്രികാല വാസകേന്ദ്രത്തിന്റെ താഴത്തെ നിലയിലാണ് ഇതിനായി ഭക്ഷണവിതരണ കേന്ദ്രം തുടങ്ങുന്നത്. 4ന് 11.30ന് മന്ത്രി ജി സുധാകരന് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ പദ്ധതിയുടെ പ്രവര്‍ത്തനത്തിന് തുടക്കമാകും. മന്ത്രി പി തിലോത്തമനാണ് അധ്യക്ഷത വഹിക്കുന്നത്.
ഉച്ചയ്ക്കു മാത്രമേ ഭക്ഷണമുള്ളൂ. ഉച്ചയ്ക്ക് 12 മുതലാണ് പ്രവര്‍ത്തനം തുടങ്ങുക. 20 രൂപയാണ് ഒരു ഊണിന് വിലയെങ്കിലും പണം കൈയ്യിലില്ലാത്തവര്ക്ക് ഭക്ഷണം സൗജന്യമായി കഴിക്കാം. ആര്‍ക്കു വേണമെങ്കിലും ഇവിടെ ഭക്ഷണം സ്പോണ്സര് ചെയ്യാവുന്നതുമാണ്. ചോറ്, സാമ്പാര്‍, തൊടുകറി, തോരന്‍, അച്ചാര്‍ എന്നിവയാണു വിഭവങ്ങള്‍. സ്വന്തമായി അടുക്കള തയാറാകുന്നതുവരെ പാതിരപ്പള്ളിയിലെ സ്നേഹജാലകത്തിന്റെ ജനകീയ അടുക്കളയില്‍ നിന്നു ഭക്ഷണം എത്തിക്കും. കുടുംബശ്രീ പ്രവര്‍ത്തകരാണ് ഭക്ഷണം വിളമ്പുക. ബുഫെ മാതൃകയിലാണ് ഭക്ഷണവിതരണം.
ഈ വിശപ്പുരഹിത ആലപ്പുഴ പദ്ധതിക്ക് മാതൃകയാകുന്നത് സര്‍ക്കാര്‍ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ജീവതാളം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ജനകീയ അടുക്കളകളും ജനകീയ ഭക്ഷണശാലയുമാണ്.
പണം വാങ്ങാന്‍ കാഷ്യറോ കാഷ് കൗണ്ടറോ ഇല്ലാത്ത ജനകീയ ഭക്ഷണശാല ഒരു വര്‍ഷത്തിലധികമായി ആലപ്പുഴയിലെത്തുന്നവരുടെ വിശപ്പകറ്റുന്ന മാതൃകാ ഭക്ഷണശാലയാണ്. 2018 മാര്‍ച്ചില്‍ ആരംഭിച്ച ഈ ഭക്ഷണശാല സ്നേഹജാലകം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
Discussion about this post