കൊല്ലം: വിധി ആരുണിയെ തട്ടിയെടുത്തത് പനിയുടെ രൂപത്തിലായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് തലച്ചോറിലുണ്ടായ അണുബാധ മൂലമാണ് ആരുണി എസ് കുറുപ്പ്(9) മരിച്ചത്. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകളാണ് ആരുണി. ഒരു വര്‍ഷം മുന്‍പാണ് ആരുണിയുടെ അച്ഛന് മരണപ്പെട്ടത്. സൗദിയില്‍ വാഹനാപകടത്തിലാണ് പിതാവ് മരണപ്പെട്ടത്.
എഴുകോണ്‍ ശ്രീശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആരുണി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ആരുണിക്ക് പനിയും തലവേദനയും തുടങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് ആരുണിയെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ടു മണിയോടെ മരണത്തിനും കീഴടങ്ങി.
എന്നാല്‍ രോഗകാരണം കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. കുട്ടിയുടെ തൊണ്ടയില്‍ നിന്നുള്ള ശ്രവമെടുത്ത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമെ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ ആരുണിയുടെ പുഞ്ചിരി നിറഞ്ഞ മുഖം മാത്രമാണ് അവശേഷിക്കുന്നത്. അവള് ടിക് ടോക്കിലും സജീവമാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും ആരുണിയുടെ ടിക് ടോക് വീഡിയോകള്‍ ആണ്.
Discussion about this post