അന്ന് 40 ലക്ഷവും 50 പവനും; ഇന്ന് അഞ്ച് കോടി; പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ ജീവനക്കാരന്‍ അജിതന് ഇത് ഭാഗ്യദേവതയുടെ രണ്ടാം കടാക്ഷം

തളിപ്പറമ്പ് തമ്പുരാന്‍ ലോട്ടറി ഏജന്‍സിയുടെ കീഴിലെ ഏജന്റായ മുയ്യം സ്വദേശി പവിത്രനില്‍ നിന്നു വാങ്ങിയ ബംപര്‍ ടിക്കറ്റിനാണു ഒന്നാം സമ്മാനം ലഭിച്ചത്.

കണ്ണൂര്‍: ഒമ്പത് വര്‍ഷം മുന്‍പ് 40 ലക്ഷം 50 പവനും ആണ് പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ ജീവനക്കാരനായ പിഎം അജിതനെ (61) ഭാഗ്യദേവത കടാക്ഷിച്ചത്. ഇപ്പോള്‍ അഞ്ച് കോടിയുടെ ബംപര്‍ സമ്മാനം തേടിയെത്തിയിരിക്കുകയാണ് ഇദ്ദേഹത്തിന്.

തളിപ്പറമ്പ് തമ്പുരാന്‍ ലോട്ടറി ഏജന്‍സിയുടെ കീഴിലെ ഏജന്റായ മുയ്യം സ്വദേശി പവിത്രനില്‍ നിന്നു വാങ്ങിയ ബംപര്‍ ടിക്കറ്റിനാണു ഒന്നാം സമ്മാനം ലഭിച്ചത്. ലോട്ടറി ഫലം വന്നപ്പോള്‍ തന്നെ അടുത്ത സൃഹൃത്തുക്കളോട് സമ്മാന വിവരം പറഞ്ഞിരുന്നുവെങ്കിലും പലര്‍ക്കും അത് വിശ്വസിക്കാനായില്ല. മരുമകന്‍ ജോലി ചെയ്യുന്ന പുതിയതെരു കാനറ ബാങ്ക് ശാഖയില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു. ഇന്നലെ വിവരം ഔദ്യോഗികമായി ലഭിച്ച ശേഷമാണ് പുറത്ത് വിട്ടത്.

35 വര്‍ഷമായി പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. 2011ല്‍ വിന്‍വിന്‍ ലോട്ടറിയുടെ 40 ലക്ഷവും 50 പവനും അടിച്ച ശേഷം പതിവായി ലോട്ടറി എടുക്കാറുണ്ടെന്ന് അജിതന്‍ പറയുന്നു. തൃപ്തി തോന്നുന്ന നമ്പറുകള്‍ നോക്കിയാണ് ടിക്കറ്റ് എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സവിതയാണു ഭാര്യ. മകന്‍ അതുല്‍ സൗദിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ്. മകള്‍ അഞ്ജന ബിടെക് വിദ്യാര്‍ത്ഥിനിയാണ്.

Exit mobile version