തിരുവനന്തപുരം: ആറുമണി കഴിഞ്ഞാല്‍ കണ്‍സെഷനില്ലെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. തിരുവനന്തരം എസ്എംവി സ്കൂളിലെ വിദ്യാര്‍ത്ഥി പോത്തന്‍കോട് സ്വദേശി അമല്‍ ഇര്‍ഫാനെയാണ് സ്റ്റാച്യുവില്‍ ഇറക്കിവിട്ടത്.
സ്റ്റുഡന്റ് പോലീസ് കേഡറ്റായ അമല്‍ പരിശീലന ക്ലാസ് കഴിഞ്ഞാണ് ബസില്‍ കയറിയത്. എന്നാല്‍ വൈകുന്നേരം ആറു മണി കഴിഞ്ഞതിനാല്‍ കണ്സെഷന് തരില്ലെന്നായിരുന്നു കണ്ടക്ടറുടെ വാദം.
ഒടുവില്‍ വഴി യാത്രക്കാരന് കൊടുത്ത പണവുമായി മറ്റൊരു ബസിലാണ് വിദ്യാര്‍ത്ഥി വീട്ടിലേക്ക് പോയത്. അതേസമയം, ആറുമണിക്കു ശേഷം കണ്സെഷന് പതിക്കാന്‍ പാടില്ലെന്ന നിയമമില്ലെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പോത്തന്‍കോട് പോലീസിലും കെഎസ്ആര്‍ടിസി അധികൃതര്‍ക്കും പരാതി നല്കി.
Discussion about this post