തിരുവനന്തപുരം: ‘ജയ് ശ്രീറാം’ വിഷയത്തില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് മറുപടി നല്കി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. തനിക്ക് ചന്ദ്രനിലേക്കുള്ള ടിക്കറ്റ് തന്നാല്‍ പോകാന്‍ തയ്യാറാണെന്ന് അടൂര്‍ പറഞ്ഞു.
”നേരത്തേ ഇവര്‍ എല്ലാവരെയും പാകിസ്താനിലേക്കാണ് അയച്ചു കൊണ്ടിരുന്നത്. അവിടെ നിറഞ്ഞെന്ന് തോന്നണു. ഇനി ചന്ദ്രഗ്രഹത്തിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാല്‍ പോകാം. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി അടൂര്‍ പറഞ്ഞു.
അവാര്‍ഡുകള്‍ക്ക് വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ നിലപാടെടുക്കുന്നതെന്ന് പറയുന്നവര്‍ക്ക്, തനിക്കിനി ഈ രാജ്യത്ത് വേറെ അവാര്‍ഡൊന്നും കിട്ടാന്‍ ബാക്കിയില്ലെന്നും അടൂര്‍ പറഞ്ഞു. ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നതിനെയല്ല, അതിനെ കൊലവിളിയാക്കി മാറ്റുന്നതിനെയാണ് താനടക്കമുള്ള സാംസ്കാരിക, ചലച്ചിത്ര പ്രവര്‍ത്തകര്‍ എതിര്ത്തതെന്നെന്നും അടൂര്‍ ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് മതത്തിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ അത് സാമുദായിക ലഹളയിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടാനാണ് പ്രധാനമന്ത്രിക്ക് സാംസ്കാരിക പ്രവര്‍ത്തകര്‍ കത്തെഴുതിയതെന്നും അടൂര്‍ പറഞ്ഞു.
‘ജയ് ശ്രീറാം’ വിളിക്കാന്‍ തയ്യാറാകാത്ത അടൂര്‍ ഗോപാലകൃഷ്ണന് അന്യഗ്രഹങ്ങളിലേക്ക് പോകുന്നതാണ് നല്ലതെന്ന് നേരത്തെ ബി ഗോപാലകൃഷ്ണന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് അടൂര്‍ പ്രതികരിച്ചത്.
Discussion about this post