തൃശ്ശൂര്‍: എംബിബിഎസ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് ഇള,വ് നല്കാന് തീരുമാനം. നിലവിലുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതോടെയാണ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോറ്റ 24 വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുകള്‍ ലഭിക്കുന്നത്. തിരുവനന്തപുരം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയിലാണ് നടപടി.
പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥി ഇനി മുതല്‍ പ്രാക്ടിക്കലിന് മാത്രം ഹാജരായാല്‍ മതി. തിയറി, വൈവ എന്നിവയുടെ മാര്‍ക്കുകള്‍ നിലനില്ക്കും എന്നതാണ് പുതിയ ശുപാര്‍ശ. ഓഗസ്റ്റില്‍ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയില്‍ ഇവരെ റെഗുലറായി കണക്കാക്കണമെന്നും ശുപാര്‍ശയിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 14ഉം തൃശ്ശൂരിലെ 10 വിദ്യാര്‍ത്ഥികളുമാണ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോറ്റത്. ഫെബ്രുവരിയിലായിരുന്നു ഇവരുടെ പരീക്ഷ. എന്നാല്‍ പരീക്ഷയ്ക്ക് എത്തിയ എക്സാമിനര്‍മാരുടെ തെറ്റായ തീരുമാനമാണ് തോല്‍വിക്ക് കാരണമെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഇടവേളകളില്ലാതെ പരീക്ഷ നടത്തി എന്നാണ് തൃശ്ശൂരില്‍ നിന്നുള്ള പരാതി.
കോളജ് യൂണിയനുകളുടെ നേതൃത്വത്തിലാണ് ഇവര്‍ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച ബോര്‍ഡ് ഓഫ് അഡ്ജുഡിക്കേഷന് വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴി എടുത്ത ശേഷമാണ് തീരുമാനമെടുത്തത്. അതേസമയം സാങ്കേതികപ്പിഴവുകള്‍ ഉണ്ടായെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ. കെസി നായര്‍ പറഞ്ഞു. അത് തിരുത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post