കോട്ടയം: തർക്കങ്ങൾക്കും കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനും പിന്നാലെ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. 22 അംഗ സമിതിയിൽ 14 പേരുടെ പിന്തുണയോടെയാണ് വിജയം. കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ.
ഏഴ് പേർ എതിരായി വോട്ട് ചെയ്തപ്പോൾ ഒരംഗം മാത്രമുള്ള പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ധാരണ പ്രകാരം ഭരണത്തിന്റെ അവസാനവർഷം പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസിനു നൽകാൻ കോൺഗ്രസിന്റെ പ്രസിഡന്റ് രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കേരള കോൺഗ്രസിലെ ജോസ് കെ മാണി-ജോസഫ് വിഭാഗങ്ങൾ വ്യത്യസ്തരായ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് തർക്കം മൂർച്ഛിച്ചത്. തുടർന്ന് ഇടപെട്ട കോൺഗ്രസ് നേതൃത്വം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് 14 മാസം കാലാവധി ബാക്കിയുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ ആദ്യത്തെ എട്ട് മാസം ജോസ് കെ മാണി വിഭാഗവും പിന്നീടുള്ള ആറ് മാസം പിജെ ജോസഫ് വിഭാഗവും പ്രസിഡന്റ് സ്ഥാനം വഹിക്കുമെന്നാണ് ധാരണ. ഇതനുസരിച്ചാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസിഡന്റായത്.
Discussion about this post