കുട്ടനാട്: വെള്ളക്കെട്ടു നിറഞ്ഞ വീട്ടുമുറ്റത്തിറങ്ങിയ രണ്ടരവയസുള്ള കുഞ്ഞ് കുളത്തില്‍ വീണ് മരിച്ചു. മകള്‍ കുളത്തില്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ അമ്മയ്ക്ക് പിടുത്തം കിട്ടിയത് ഉടുപ്പിലായിരുന്നു. എന്നാല്‍ ഉടുപ്പ് കീറി കുഞ്ഞ് വെള്ളത്തില്‍ താഴ്ന്നു പോവുകയായിരുന്നു.
മിത്രക്കരി വള്ളിപ്പറമ്പില്‍ സുരേഷിന്റെയും പ്രമീതയുടെയും മകള്‍ സമീദയാണ് മുങ്ങിമരിച്ചത്. കുളം കവിഞ്ഞു വീട്ടുമുറ്റം വരെ ഒരേ നിരപ്പില്‍ വെള്ളം കയറിയതാണ് ദാരുണ മരണത്തിന് കാരണമായത്. കുഞ്ഞിനെ രക്ഷിക്കാന്‍ വേണ്ടി കുളത്തിലേയ്ക്ക് ചാടിയ അമ്മ പ്രമീതയെയും മുത്തച്ഛന്‍ സദാനന്ദനെയും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
വീടിനു മുന്നിലെ ആലപ്പുറത്തുകാട് പാടശേഖരത്തിലെ കുളത്തിലാണ് സംഭവം നടന്നത്. അപകടത്തിന് 20 മിനിറ്റ് മുന്‍പു വരെ സമീദ അമ്മയുടെ ഒക്കത്തിരിക്കുകയായിരുന്നു. ചോറു വേവായപ്പോള്‍ പ്രമീത മകളെ താഴെയിറക്കുകയായിരുന്നു. സുഖമില്ലാതെ കിടക്കുന്ന മുത്തച്ഛന്‍ സദാനന്ദന്റെയടുത്ത് സമീദയെ നിര്‍ത്തിയാണ് പ്രമീത അടുക്കളയിലേക്കു പോയത്. സമീദ പുറത്തേക്കോടിയപ്പോള്‍ അക്കാര്യം സദാനന്ദന്‍ വിളിച്ചു പറഞ്ഞു. പ്രമീത പിന്നാലെ എത്തിയെങ്കിലും കുട്ടി ഓടി കുളത്തില്‍ വീഴുകയായിരുന്നു.
പ്രമീതയ്ക്ക് പിന്നാലെ അവശനായിരുന്ന സദാനന്ദനും കുളത്തിലിറങ്ങി കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തി. പിന്നീട് നാട്ടുകാരെത്തി പ്രമീതയെയും സദാനന്ദനെയും രക്ഷപ്പെടുത്തുകയായിരുന്നു. 20 മിനിറ്റോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന സമീദയുടെ ജീവന്‍ രക്ഷിക്കാനായില്ല.