മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ എല്ലാ നടപടികളും അവസാനഘട്ടത്തിലേയ്ക്ക്. ഉദ്ഘാടനത്തിനായി അധികൃതരും കണ്ണൂരും സജ്ജമായി കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തില്‍ ഉദ്ഘാടനം നടത്താനാണ് നീക്കം. ഇതിനായുള്ള നീക്കങ്ങള്‍ മട്ടന്നൂരില്‍ ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തായിരിക്കും ഉദ്ഘാടനം. ടിക്കറ്റ് ബുക്കിങ് ഇന്നാരംഭിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ആദ്യദിവസം പുറപ്പെടുന്ന വിമാനം കണ്ണൂരില്‍ നിന്ന് അബുദബിയിലേക്കും തിരിച്ചും പറന്നിറങ്ങും. റിയാദിലേക്കും അന്ന് വിമാനമുണ്ടാകും. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ആദ്യ ദിവസം തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വ്വീസ് തുടക്കവും ഉദ്ഘാടനവും ചേര്‍ന്ന് വരുന്നതിനാല്‍ പിഴവില്ലാത്ത ഒരുക്കങ്ങളാണ് നടക്കുന്നത്.
ഇതിനായി ജനകീയ കമ്മിറ്റിയും രൂപീകരിച്ചു. ഒരു ലക്ഷം പൊതുജനങ്ങള്‍ ഉദ്ഘാടനത്തിന് എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇവര്‍ക്കായി പ്രത്യേക പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടിനുള്ളില്‍ തന്നെയാണ് ഉദ്ഘാടന വേദിയും സദസും സജ്ജീകരിക്കുക. ഉദ്ഘാടന ദിവസം മട്ടന്നൂര്‍ ടൗണിലും മറ്റും ഗതാഗത നിയന്ത്രണവുമുണ്ടാകും. വിളംബര ജാഥയടക്കം പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം ആഘോഷമാക്കാനാണ് ജനപ്രതിനിധികളുടെയും സംഘാടക സമിതിയുടെയും തീരുമാനം.