തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിലടക്കമുള്ള നിലപാടുകളിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധം രാവിലെ മുതൽ ആരംഭിച്ചു. രാവിലെ ആറിന് ആരംഭിച്ച ഉപരോധം ഉച്ച വരെയാണ് നടത്തുക. സെക്രട്ടേറിയേറ്റിലെ കൻഡോൺമെന്റ് ഗേറ്റിന് മുന്നിലൊഴികെയുള്ള മൂന്ന് ഗേറ്റുകളിലും യുഡിഎഫ് പ്രവർത്തകർ ഉപരോധത്തിനായി എത്തിച്ചേർന്നിട്ടുണ്ട്.
യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധത്തിന്റെ ഉദ്ഘാടകൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന അക്രമസംഭവങ്ങളിൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, പിഎസ്സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുക, ഉത്തരക്കടലാസ് ചേർച്ച അടക്കുമുള്ള വിഷയങ്ങളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഉപരോധം സംഘടിപ്പിക്കുന്ന യുഡിഎഫ് ഉന്നയിക്കുന്നത്.
ഉപരോധ സമരത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ വലിയ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയേറ്റിന്റെ മുൻ വശത്തുകൂടിയുള്ള ഗതാഗതം നിരോധിക്കുമെന്നും പോലീസ് അറിയിച്ചു.