ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ കോടതികളിലും പഞ്ചിങ് നടപ്പാക്കാന്‍ ഹൈക്കോടതിയുടെ പുതിയ നിര്‍ദേശം. ഇനി മുതല്‍ ജഡ്ജിമാരും മജിസ്‌ട്രേറ്റുമാരും പഞ്ച് ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. അടിയന്തര നടപടിയെടുക്കാന്‍ ഹൈക്കോടതി ജില്ലാ ജഡ്ജിമാര്‍ക്ക് നിര്‍ദേശം നല്‍കി. ‘സ്പാര്‍ക്ക്’ വഴി ശമ്പളം വാങ്ങുന്നവരാണ് ജഡ്ജിമാരും മജിസ്‌ട്രേറ്റുമാരും. ഈ സംവിധാനം വഴി ശമ്പളം വാങ്ങുന്നവരെല്ലാം പഞ്ചിങ് ചെയ്യണമെന്നാണ് കോടതി നിര്‍ദേശം.
കോടതികളില്‍ പഞ്ചിങ് നടപ്പാക്കാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കും. കെല്‍ട്രോണാണ് പഞ്ചിങ് മെഷീനുകള്‍ കോടതികളില്‍ സ്ഥാപിക്കുക. ജീവനക്കാരുടെ ആധാര്‍നമ്പര്‍കൂടി ലിങ്ക് ചെയ്യേണ്ടതിനാല്‍ അതിനനുസരിച്ച് സംവിധാനമൊരുക്കാനാണ് ജില്ലാ ജഡ്ജിമാര്‍ക്കുള്ള നിര്‍ദേശം. സംസ്ഥാനത്ത് 14 ജില്ലാ കോടതികളും 80 അഡീഷണല്‍ ജില്ലാ കോടതികളും 54 സബ്‌കോടതികളും 127 ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതികളുമടക്കം 456 കോടതികളാണുള്ളത്.