തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനില്‍ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും. പാര്‍ട്ടിയില്‍ അവസാന വാക്ക് മുല്ലപ്പള്ളിയുടെതാണെന്ന് വിലയിരുത്തിയ പാര്‍ട്ടി നേതൃത്വം, സംഭവത്തില്‍ അതൃപ്തി അറിയിച്ചു.
പരസ്യ പ്രസ്താവന അനില്‍ അക്കര ഒഴിവാക്കേണ്ടിയിരുന്നെന്നും, പരസ്യമായി പ്രതികരിച്ച രീതി തെറ്റായിപ്പോയെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ആലത്തൂര്‍ എംപി രമ്യാ ഹരിദാസിന് കാര്‍ വാങ്ങാന്‍ പിരിവു നടത്താനുള്ള യൂത്ത് കോണ്‍ഗ്രസ് നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നതിന് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് അനില്‍ അക്കര അടങ്ങുന്ന യുവനേതാക്കള്‍ രംഗത്ത് വന്നത്. തൃശൂരില്‍ ഡിസിസി പ്രസിഡന്റിനെ നിയോഗിക്കാത്തതിന്റെ പേരിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രനെ യുവനേതാക്കള്‍ വിമര്‍ശിച്ചത്.
”തൃശൂരില്‍ ഡിസിസി പ്രസിഡന്റില്ല. ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്? മാസങ്ങള്‍ കഴിഞ്ഞു. ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ? ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്.”- അനില്‍ അക്കര എംഎല്‍എയും ഫേസ്ബുക്കില്‍ കുറിച്ചു.
രമ്യ ഹരിദാസിന്റെ കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയുള്ള നടപടിയാണെന്നായിരുന്നെന്നും അനില്‍ അക്കര വിമര്‍ശിച്ചു. മുല്ലപ്പള്ളിയെപ്പോലെ താനും എഐസിസി അംഗമാണ്, മുല്ലപ്പള്ളിക്ക് ഫേസ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ തങ്ങള്‍ക്കുമാകാം. കെപിസിസി യോഗത്തില്‍ എംഎല്‍എമാരെ ക്ഷണിക്കാറില്ല. തൃശൂരില്‍ ഡിസിസി പ്രസിഡന്റ് ഇല്ലാത്തത് പാര്‍ട്ടിയെ തളര്‍ത്തിയെന്നും അനില്‍ അക്കര തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Discussion about this post